ശബരിമല: മകരവിളക്കിനോടനുബന്ധിച്ചുള്ള തിരക്കൊഴിവാക്കാന്‍ ഭക്തജനങ്ങളുടെ പൂര്‍ണ സഹകരണം വേണമെന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ എസ്.സുജിത് ദാസ്. മകരവിളക്കിന് വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നതെന്നും പുതുതായി എത്തുന്ന ഭക്തര്‍ക്ക് തൊഴാനുള്ള അവസരം ലഭിക്കുന്നതിനായി ദര്‍ശനം കഴിഞ്ഞ ഭക്തജനങ്ങള്‍ സന്നിധാനത്ത് തങ്ങാതെ തിരിച്ചിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
തിരക്ക് നിയന്ത്രിക്കുവാന്‍ കഴിയുന്ന തരത്തിൽ 1397 പൊലീസുകാരെ സന്നിധാനത്ത് നിയോഗിച്ചിട്ടുണ്ട്. ഈമാസം 13, 14, 15 തിയതികളില്‍ കൂടുതല്‍ പൊലീസ് സേവനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മകരവിളക്ക് സുഗമമായി ദര്‍ശിക്കുവാന്‍ കഴിയുന്ന സ്ഥലങ്ങളായ പാണ്ടിത്താവളം, ശരംകുത്തി, യു ടേണ്‍, അന്നദാന മണ്ഡപം, ഉരക്കുഴി എന്നിവിടങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കും. ദര്‍ശനത്തിന് ശേഷം തിരിച്ചിറങ്ങുന്ന ഭക്തജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനും, അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് മകരവിളക്കിന് മുന്‍പായി താല്‍ക്കാലിക ബാരിക്കേഡുകള്‍ സ്ഥാപിക്കുമെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.