പത്തനംതിട്ട: പുതുവര്‍ഷത്തിന്‍റെ പൊന്‍കിരണങ്ങളുടെ ശോഭയില്‍ ശബരീശനെ കണ്ടു വണങ്ങി ഭക്തര്‍. മുന്‍വര്‍ഷങ്ങളില്‍ പുതുവര്‍ഷത്തില്‍ സന്നിധാനത്ത് അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് ഉണ്ടാകാറുള്ളത്.
എന്നാൽ കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇത്തവണ ഒരു ദിവസം 5000 പേര്‍ക്ക് മാത്രമാണ് ദര്‍ശനം. 48 മണിക്കൂറിനുള്ളില്‍ പരിശോധിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് ദര്‍ശനത്തിന് അനുവദിച്ചിട്ടുള്ളത്.
പുതുവത്സരത്തെ വരവേറ്റ് സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് അയ്യപ്പന്‍മാര്‍ കര്‍പ്പൂരദീപം തെളിയിച്ചു. ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസര്‍ വി.എസ്. രാജേന്ദ്ര പ്രസാദിന്‍റെ സാന്നിധ്യത്തില്‍ സന്നിധാനം പൊലീസ് അസി. സ്‌പെഷ്യല്‍ ഓഫീസര്‍ പദം സിംഗ് കര്‍പ്പൂരദീപത്തിലേക്ക് ജ്വാല പകര്‍ന്നു.