പത്തനംതിട്ട: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരുടെ ഈ വർഷത്തെ നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തിൽ നിന്നും കൃത്തികേശ് വർമയും, പൗർണമി ജി. വർമയും കെട്ടു നിറച്ചു ശബരിമലയ്ക്കു തിരിച്ചു. 2011ലെ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം റിട്ട: ജസ്റ്റിസ് കെ.ടി തോമസിന്‍റെ മീഡിയേഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പന്തളം കൊട്ടാരം വലിയ തമ്പുരാൻ നിര്‍ദേശിക്കുന്ന കുട്ടികളെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കാൻ അയക്കുന്നത്. ശബരിമലയിലും മാളികപ്പുറത്തും ഒരു വർഷക്കാലം മേൽശാന്തിമാരായി ചുമതല അനുഷ്‌ഠിക്കേണ്ടവരെയാണ് തുലാം ഒന്നാം തിയതി (18/10/2022 ) സന്നിധാനത്തു വച്ച് നറുക്കെടുപ്പിലൂടെ നിശ്ചയിക്കുന്നത്.
ശബരിമല മേൽശാന്തിയെ കൃത്തികേശ് വർമയും, മാളികപ്പുറം മേൽശാന്തിയെ പൗർണമി ജി. വർമയും നറുക്കെടുക്കും. പന്തളം മുണ്ടക്കൽ കൊട്ടാരത്തിൽ അനൂപ് വർമ്മയുടെയും എറണാകുളം മംഗള മഠത്തിൽ പാർവതി വർമയുടേയും മകനാണ് കൃത്തികേശ് വർമ. എറണാകുളം ഗിരിനഗർ ഭവൻസ് വിദ്യാമന്ദിർ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് കൃത്തികേശ്.
പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ഡോ.ഗിരീഷ് വർമ്മയുടെയും ഇടപ്പള്ളി ലക്ഷ്‌മി വിലാസത്തിൽ സരിതാ വർമ്മയുടെയും മകളാണ് പൗർണമി വർമ. ദോഹയിലെ ഡൽഹി പബ്ലിക് സ്‌കൂൾ നാലാം ക്ലാസ് വിദ്യാർഥിയാണ് പൗർണമി ജി. വർമ. പന്തളം കൊട്ടാരം വലിയ തമ്പുരാന്‍റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹത്തോടെ 12 മണിയോടെ തിരുവാഭരണ മാളിക പൂമുഖത്ത് വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്ര ദർശനത്തിനു ശേഷം സ്വീകരണങ്ങൾ ഏറ്റുവാങ്ങി രക്ഷിതാക്കളും സംഘം ഭാരവാഹികളും കൂടിയാണ് ശബരിമലക്ക് യാത്ര ആരംഭിച്ചത്.