പത്തനംതിട്ട: മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ചുളള മുന്നൊരുക്കങ്ങള്‍ വേഗത്തിലാക്കാന്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നത സമിതി യോഗത്തിൽ തീരുമാനം. തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി മകരജ്യോതി ദര്‍ശത്തിനുള്ള സൗകര്യമൊരുക്കാൻ എഡിഎം അര്‍ജുന്‍ പാണ്ഡ്യന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
തിരക്ക് വർധിക്കുന്ന സാഹചര്യത്തില്‍ അടിയന്തര തീരുമാനം
മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ എത്തുന്ന സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ സ്ഥിരം ദര്‍ശന കേന്ദ്രങ്ങളില്‍ സുരക്ഷ ഒരുക്കുന്നതിനായി ബാരിക്കേഡുകളുടെ നിര്‍മാണം ആരംഭിക്കാന്‍ ദേവസ്വം മരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കി. പമ്പ ഹില്‍ടോപ്പില്‍ മകരജ്യോതി ദര്‍ശനം അനുവദിക്കും. മറ്റ് കേന്ദ്രങ്ങളായ നീലിമല, അപ്പാച്ചിമേട്, അട്ടത്തോട്, ഇലവുങ്കല്‍, നെല്ലിമല, അയ്യന്‍മല തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുക.
ഇടുക്കി ജില്ലയിലെ പുല്ല്‌മേട്, പാഞ്ചാലിമേട്, പരുന്തുപാറ എന്നിവിടങ്ങളിലും ദര്‍ശന സൗകര്യം ഒരുക്കുന്നതിന്‍റെ സാധ്യത പരിശോധിക്കും. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്നും എഡിഎം പറഞ്ഞു. ഓരോ കേന്ദ്രങ്ങളിലും ആവശ്യമായ വൈദ്യുതി സംവിധാനങ്ങളും കുടിവെളള ടാപ്പുകളും സ്ഥാപിക്കും.
ALSO വീണ്ടും മിന്നല്‍ 'സുൽത്താന', ടൂറിസ്റ്റുകളുടെ വാഹനം പിന്തുടരുന്ന ദൃശ്യങ്ങൾ
ആരോഗ്യ വകുപ്പ് ഉള്‍പ്പെടെയുളള എല്ലാ വകുപ്പുകളും ഏതൊരു അടിയന്തര സാഹചര്യത്തേയും നേരിടുന്നതിനുളള തയാറെടുപ്പുകള്‍ നടത്തണം. ആവശ്യമായ ജീവനക്കാരയും ഇതിനായി നിയോഗിക്കണമെന്നും യോഗം നിര്‍ദേശിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ ദര്‍ശന സൗകര്യം ഒരുക്കുന്നതിലൂടെ തിരക്ക് നിയന്ത്രിക്കാനും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സാധിക്കുമെന്നും യോഗം വിലയിരുത്തി.
ശബരിമല സന്നിധാനത്ത് കൂടുതല്‍ വിരിസ്ഥലങ്ങള്‍ ഒരുക്കിയ സാഹചര്യത്തില്‍ തീര്‍ഥാടകരെ പകല്‍ സമയങ്ങളിലും വിരിവയ്ക്കാന്‍ അനുവദിക്കും. നേരത്തെ രാത്രി മാത്രമായിരുന്നു വിരിവയ്ക്കാന്‍ അനുമതിയുണ്ടായിരുന്നത്. പരമാവധി 12 മണിക്കൂര്‍ മാത്രമേ വിരിവയ്ക്കാന്‍ അനുവദിക്കുകയുളളു.
പരമാവധി തീര്‍ഥാടകര്‍ക്ക് മകരജ്യോതി ദര്‍ശിക്കാനുളള സാഹചര്യമൊരുക്കാനാണ് ദേവസ്വം ബോര്‍ഡ് ആഗ്രഹിക്കുന്നതെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ വി. കൃഷ്ണകുമാര വാര്യര്‍ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശവും കൊവിഡ് മാനദണ്ഡങ്ങളും പാലിക്കേണ്ടതുണ്ട്. പൊലീസുമായും ആരോഗ്യ വകുപ്പുമായും ആലോചിച്ച് ആവശ്യമായ കമീകരണങ്ങള്‍ ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.