പത്തനംതിട്ട : കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ശബരിമല കുംഭമാസ പൂജ തീര്‍ഥാടനം നടത്തുകയെന്ന് ജില്ല കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. ഇതിനായി ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. കുംഭമാസ പൂജയ്ക്കുള്ള ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും വിവിധ പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ല കലക്ടര്‍.
വെര്‍ച്വല്‍ ക്യു സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. നിര്‍ദേശങ്ങള്‍ പാലിച്ചും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിച്ചും ആരോഗ്യ പൂര്‍ണമായ തീര്‍ഥാടനം ഉറപ്പു വരുത്താന്‍ സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.
ശബരിമല കുംഭമാസ പൂജയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് നടപടികള്‍ പൂര്‍ത്തിയായി. തീര്‍ഥാടകര്‍ രണ്ട് ഡോസ് കൊവിഡ് വാക്സിന് സ്വീകരിച്ചതായ സര്‍ട്ടിഫിക്കറ്റോ, 48 മണിക്കൂറിനുളളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ സര്‍ട്ടിഫിക്കറ്റോ കരുതണം. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ഥാടനം ഒഴിവാക്കേണ്ടതാണ്. തീര്‍ഥാടന സമയത്ത് മാസ്ക് ശരിയായ രീതിയില്‍ ധരിക്കുകയും സുരക്ഷിതമായ ശാരീരിക അകലം പാലിക്കുകയും വേണം. ഹോട്ടലുകളിലും കടകളിലും കൗണ്ടറുകളിലും തിരക്ക് കൂട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ALSO READ:ശബരിമല കുംഭ മാസ പൂജ: കുള്ളാര്‍ അണക്കെട്ട് തുറക്കും
പമ്പയിൽ നിന്ന് തീര്‍ഥാടകര്‍ക്ക് കുടിവെള്ളം കുപ്പിയില്‍ നല്‍കും. നിലയ്ക്കലില്‍ നിന്നു പമ്പയിലേക്ക് ചെയിന്‍ സര്‍വീസ് നടത്തുന്നതിന് 30 ബസുകള്‍ കെഎസ്ആര്‍ടിസി സജ്ജമാക്കിയിട്ടുണ്ട്. സ്ട്രെക്ചര്‍ സര്‍വീസ്, ശുചീകരണം എന്നിവയ്ക്കായി അയ്യപ്പസേവാ സംഘം വോളണ്ടിയര്‍മാരെ സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ അന്നദാനവും സംഘം നടത്തും. ഒരു ആംബുലന്‍സും അയ്യപ്പസേവാ സംഘം സജ്ജമാക്കിയിട്ടുണ്ട്. വനംവകുപ്പ് റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സജ്ജമാക്കും. പമ്പയില്‍നിന്ന് സന്നിധാനത്തേക്കും തിരിച്ചും തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കുന്നതിനുള്ള സുരക്ഷ വനംവകുപ്പ് ഉറപ്പാക്കുമെന്നും കലക്ടര്‍ പറഞ്ഞു.