പത്തനംതിട്ട: ശബരിമലയിൽ തിരക്കുകൂടുന്ന സന്ദർഭങ്ങളിൽ അയ്യപ്പഭക്തരെ ചൂഷണം ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ശബരിമല അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) സൂരജ് ഷാജി പറഞ്ഞു. സന്നിധാനത്ത് ശബരിമല എഡിഎമ്മിൻ്റെ (Sabarimala Additional District Magistrate) നേതൃത്വത്തിൽ റവന്യു, ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സംയുക്ത സ്ക്വാഡ് പരിശോധനയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംയുക്ത സ്ക്വാഡ് ഇതുവരെ 186 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ക്രമക്കേടുകൾ കണ്ടെത്തിയ 26 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.(Action against shops in Sabarimala during joint inspection raid) പരിശോധനയിൽ 1,71,000 രൂപ പിഴയീടാക്കുകയും ചെയ്‌തു.
26 സ്ഥാപനങ്ങൾക്കെതിരെ നടപടി: മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ശബരിമല സന്നിധാനം മുതൽ അപ്പാച്ചിമേടുവരെയുള്ള സ്റ്റാളുകളിലും, ഹോട്ടലുകളിലുമാണ് സന്നിധാനത്തുള്ള സംയുക്ത സ്ക്വാഡ് പരിശോധന (Sabarimala joint inspection) നടത്തുന്നത്. അമിത വിലയീടാക്കുക, ഗുണനിലവാരമില്ലാത്ത ഭക്ഷണ സാധനങ്ങൾ വിൽക്കുക, നിർദ്ദിഷ്‌ട അളവിലും തൂക്കത്തിലും കുറവ് ഭക്ഷ്യവസ്‌തുക്കൾ വിതരണം ചെയ്യുക, നിർമാണ തീയതി, വിതരണ തീയതി എന്നിവ രേഖപ്പെടുത്താത്ത ഭക്ഷ്യ ഉത്പന്നങ്ങൾ, പായ്ക്കറ്റുകൾ എന്നിവ വിൽപ്പന നടത്തുക എന്നീ ക്രമക്കേടുകളാണ് സ്ക്വാഡുകൾ കണ്ടെത്തുന്നത്.
ക്രമക്കേടുകൾ സംബന്ധിച്ച പരാതികൾ 984710 2687,9745602733 എന്നീ നമ്പരുകളിൽ വിളിച്ചറിയിക്കാമെന്നും എഡിഎം പറഞ്ഞു.
പൊലീസ് സേനയുടെ രണ്ടാം ബാച്ച് ചുമതലയേറ്റു: ശബരിമലയിലെ തിരക്ക് കണക്കിലെടുത്ത് പൊലീസ് ഉദ്യോഗസ്ഥരുടെ രണ്ടാം ബാച്ച് ചൊവ്വാഴ്‌ച ചുമതലയേറ്റു. രണ്ടാം ബാച്ചിനുള്ള ഡ്യൂട്ടി വിശദീകരണം സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്നു. അയ്യപ്പന്‍മാരുടെ സുഗമമായ തീര്‍ഥാടനം ഉറപ്പാക്കുന്നതിനൊപ്പം വിവിധ വകുപ്പുകളുമായും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും ശബരിമല സ്‌പെഷ്യല്‍ ഓഫീസര്‍ (എസ് ഒ) എം കെ ഗോപാലകൃഷ്‌ണൻ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
വരും ദിവസങ്ങളിൽ വലിയ തിരക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. പൊലീസ് സുസജ്ജമായി പ്രവര്‍ത്തിക്കണമെന്നും ആദ്യ ബാച്ചിന്‍റേത് മാതൃകാപരമായ പ്രവർത്തനം ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്‍റ് സ്‌പെഷ്യല്‍ ഓഫീസര്‍ അരുൺ കെ പവിത്രൻ, പത്ത് ഡിവൈഎസ്‌പിമാര്‍ , 32 സിഐമാര്‍ , 125 എസ്ഐ / എഎസ്ഐമാർ ,1281 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 1450 പോലീസുകാരെയാണ് 12 ഡിവിഷനുകളിലായി ശബരിമലയിലെ സേവനത്തിനു നിയോഗിച്ചത്.
കൂടാതെ എന്‍ ഡി ആര്‍ എഫ്, ആര്‍ എ എഫ്, മറ്റു സംസ്ഥാനങ്ങളിലെ പൊലീസുകാര്‍, വിവിധ സുരക്ഷ സേനകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെയും ശബരിമലയിൽ നിയോഗിച്ചിട്ടുണ്ട്.