ശബരിമല: സന്നിധാനത്തെ ശര്‍ക്കര പ്രതിസന്ധി രൂക്ഷമാകുന്നു. മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമലയിലേക്ക് ശര്‍ക്കര എത്തിക്കുന്നതിനുള്ള കരാര്‍ സ്വകാര്യ കമ്പനിയാണ് ഏറ്റെടുത്തിരുന്നത്. മഹാരാഷ്‌ട്രയില്‍ നിന്ന് ശര്‍ക്കരയെത്തിക്കുമെന്നാണ് കരാര്‍ ഏറ്റെടുത്തവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസമുണ്ടായ പ്രളയം കാരണം മഹാരാഷ്‌ട്രയില്‍ നിന്നുള്ള ശര്‍ക്കരയുടെ വരവ് കുറഞ്ഞു. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ശര്‍ക്കര ക്ഷാമം ശബരിമലയിലെ ദൈനംദിന പ്രവർത്തനത്തെയും ബാധിക്കാനിടയുള്ളതിനാല്‍ മറ്റ് സ്ഥലങ്ങളില്‍ നിന്നും ശര്‍ക്കര വാങ്ങാനുള്ള അനുമതി ദേവസ്വം ബോര്‍ഡ് നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്‍റ് എന്‍.വാസു പറഞ്ഞു.
40,000 കിലോ ശര്‍ക്കരയാണ് സന്നിധാനത്ത് ദിവസവും വേണ്ടിവരുന്നത്. 25 ലക്ഷം ടിൻ അരവണ ദേവസ്വം ബോർഡിന്റെ കരുതല്‍ ശേഖരത്തിലുള്ളതിനാല്‍ ശർക്കര ക്ഷാമം തൽക്കാലം ശബരിമലയിലെ അരവണ വിൽപ്പനയെ ബാധിക്കില്ല. എന്നാല്‍ പ്രതിസന്ധിക്ക് പരിഹാരം കണ്ടില്ലെങ്കിൽ അരവണ ഉല്‍പാദനത്തേയും ഇത് ബാധിക്കും.