പത്തനംതിട്ട: മഴക്കെടുതി രൂക്ഷമായ പത്തനംതിട്ട ജില്ലയിലെ നദികള്‍ അപകടനിലയില്‍ തുടരുകയാണെന്ന് മന്ത്രി വീണ ജോര്‍ജ്. ജില്ലയിലെ മണിമലയാര്‍, അച്ചന്‍കോവില്‍, പമ്പ നദികളിലെ ജലനിരപ്പാണ് അപകടനിലയില്‍ തുടരുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിയ്ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മണിമലയാറിന്‍റെ തീരപ്രദേശത്ത് വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. മല്ലപ്പള്ളിയിലും ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
മല്ലപ്പള്ളി ടൗണ്‍, കോട്ടാങ്ങല്‍, വായ്‌പൂര്‍, ആനിക്കാട് മേഖലകളിലാണ് മഴക്കെടുതി രൂക്ഷമായി തുടരുന്നത്. ഇവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആളപായമില്ലാതെ എല്ലാവരേയും രക്ഷപ്പെടുത്തുവാന്‍ സാധിയ്ക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഫയര്‍ഫോഴ്‌സിന്‍റെ മൂന്ന് സംഘം, എന്‍ഡിആര്‍എഫ് സംഘം, പൊലീസ്, റവന്യൂ, തദ്ദേശസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിയ്ക്കുന്നത്. തിരുവല്ല ഉള്‍പ്പെടെ വെള്ളം കയറാന്‍ സാധ്യതയുള്ള ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തനം ശനിയാഴ്‌ച വൈകുന്നേരം മുതല്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
മത്സ്യബന്ധന ബോട്ടുകള്‍ എത്തിച്ചു
ജില്ലയിൽ മഴക്കെടുതി നേരിടാൻ ഏഴ് മത്സ്യബന്ധന ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചു. കൊല്ലത്ത് നിന്നും മത്സ്യത്തൊഴിലാളികളുടെ ഏഴു ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ടയിൽ എത്തിച്ചത്.
ജലനിരപ്പ് ഉയര്‍ന്ന മേഖലകളില്‍ ബോട്ടുകള്‍ വിന്യസിച്ചു കഴിഞ്ഞു. മല്ലപ്പള്ളി, പന്തളം എന്നിവിടങ്ങളില്‍ രണ്ടും പെരുമ്പെട്ടി, ആറന്മുള, റാന്നി എന്നിവിടങ്ങളില്‍ ഓരോന്നും വീതമാണ് വിന്യസിച്ചിട്ടുള്ളത്.
ജില്ലയിൽ വെള്ളം കയറി ഒറ്റപ്പെട്ടു പോയ വീടുകളിലുള്ളവരെ സുരക്ഷിത ഇടങ്ങളിലേയ്ക്ക് മാറ്റുകയാണ്. കുമ്പഴ ചാലുംകരോട്ട് പടി റോഡില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഒറ്റപ്പെട്ടു പോയ സ്‌ത്രീയെ ഫയര്‍ഫോഴ്‌സിന്‍റെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
Also read: മഴക്കെടുതി; പത്തനംതിട്ടയില്‍ രക്ഷാപ്രവര്‍ത്തനത്തിന് മത്സ്യബന്ധന ബോട്ടുകള്‍