പത്തനംതിട്ട: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ സ്ഥിരം കള്ളൻ തൊണ്ടി മുതൽ സഹിതം പിടിയിൽ. കടപ്ര മാന്നാര്‍ ഇളമത മഠത്തില്‍ വീട്ടില്‍ സാജന്‍ തോമസ് (36) ആണ് കോയിപ്രം പൊലീസിന്‍റെ പിടിയിലായത് (Regular Thief Arrested With Stolen Mobile Phones At Pathanamthitta). പിടിയിലാകുമ്പോൾ പല സ്ഥലങ്ങളിൽ നിന്നും മോഷ്‌ടിച്ച നാല് മൊബൈൽ ഫോണുകളും ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കരീലമുക്കിൽ കുമ്പനാട് ആറാട്ടുപുഴ റോഡിലുള്ള എടിഎമ്മിനടുത്ത് സംശയാസ്‌പദമായ രീതിയിൽ കണ്ടതോടെ ചോദ്യം ചെയ്‌തപ്പോളാണ് കള്ളം വെളിച്ചത്തായത്.
ഇയാൾ എടിഎം കൗണ്ടറിന് സമീപം നിൽക്കവേ പൊലീസ് വണ്ടി കണ്ട് പരിഭ്രമിച്ചതാണ് പിടിവീഴാൻ കാരണം. ട്രോളിങ് വാഹനം കണ്ടപ്പോൾ കൗണ്ടറിൽ കയറാതെ റോഡുവക്കിൽ വച്ചിരുന്ന മോട്ടോർ സൈക്കിളിൽ കയറിപോകാൻ ശ്രമിച്ചപ്പോൾ സംശയം തോന്നി തടഞ്ഞുനിർത്തുകയായിരുന്നു. ഇതിനിടെ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ചോദ്യം ചെയ്‌തപ്പോൾ ആദ്യം പേരുവിവരങ്ങള്‍ മാറ്റിപ്പറഞ്ഞ് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. കൂടുതൽ ചോദ്യം ചെയ്‌തപ്പോൾ ശരിയായ പേരും വിലാസവും പറഞ്ഞ ഇയാൾ, എടിഎമ്മിൽ നിന്ന് പണമെടുക്കാൻ വന്നതാണെന്ന് അറിയിച്ചു. പക്ഷെ കാർഡ് കൈവശമില്ലെന്ന് പരിശോധനയിൽ വ്യക്തമായതോടെ പരസ്‌പര വിരുദ്ധമായി സംസാരിക്കാൻ തുടങ്ങി. ഇതോടെ പൊലീസ് ബാഗ് പരിശോധിച്ചപ്പോഴാണ് ഉള്ളിലെ അറയിൽ നിന്ന് നാല് ഫോണുകൾ കണ്ടെടുത്തത്.
വിശദമായി ചോദ്യം ചെയ്‌തപ്പോൾ ഫോണുകൾ മോഷ്‌ടിച്ചവയാണെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ഫോണുകളും ബൈക്കും കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തപ്പോൾ, ഫോണുകളിൽ രണ്ടെണ്ണം ചങ്ങനാശ്ശേരിയിൽ നിന്നും, രണ്ടെണ്ണം കോഴിക്കോട് നിന്നും മോഷ്‌ടിച്ചതാണെന്ന് സമ്മതിച്ചു. ഇയാളുടെ കുറ്റസമ്മതമൊഴി പൊലീസ് രേഖപ്പെടുത്തിയെങ്കിലും ഈ മൊഴി പൊലീസിനെ വഴിതെറ്റിക്കാൻ നൽകിയതാണെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ വ്യക്തമായി.
രണ്ടുമാസം മുമ്പ് വൈകിട്ട് ചങ്ങനാശ്ശേരി സ്വകാര്യ ബസ് സ്റ്റാന്‍റിലെ ജീവനക്കാർ ചാർജ് ചെയ്യാൻ കുത്തിയിട്ട കാബിനിൽ നിന്ന് രണ്ട് ഫോണും, മറ്റുള്ളവ കോഴിക്കോട് നിന്നും മോഷ്‌ടിച്ചവയാണെന്നുമാണ് ഇയാൾ പറഞ്ഞത്. തുടർന്ന് പൊലീസ് പ്രതിയുമായി ചങ്ങനാശ്ശേരി ബസ് സ്റ്റാന്‍റിൽ തെളിവെടുപ്പ് നടത്തി, എന്നാൽ ക്യാബിൻ വൈകിട്ട് 3 മണിക്ക് പൂട്ടുമെന്നും, അവിടെ നിന്ന് ആരുടെയെങ്കിലും ഫോൺ പോയതായി അറിവില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. പിന്നീട്, ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷിച്ചപ്പോൾ മൊബൈൽ ഫോൺ മോഷണത്തിന് ആ കാലയളവിൽ കേസെടുത്തിട്ടില്ലെന്ന് വെളിപ്പെടുകയും ചെയ്‌തു. ഇതോടെ പൊലീസിനെ വഴിതെറ്റിക്കാൻ പ്രതി മനഃപൂർവം കള്ളം പറയുകയാണെന്ന് അന്വേഷണസംഘത്തിന് ബോധ്യപ്പെടുകയായിരുന്നു. ഫോണുകളുടെ ഉടമകളെ കണ്ടെത്താൻ, ഇവയുടെ ഐ എം ഇ ഐ നമ്പരുകൾ ജില്ലാ സൈബർ സെല്ലിന് കൈമാറിയിരിക്കുകയാണ് അന്വേഷണ സംഘം.
സംസ്ഥാനത്തെ ഏഴ് പൊലീസ് സ്റ്റേഷനുകളിലായി പ്രതിയുടെ പേരിൽ 11 മോഷണക്കേസുകൾ നിലവിലുണ്ട് എന്ന് അന്വേഷണത്തിൽ വ്യക്തമായി. മോഷണത്തിന് ഇയാൾ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പുളിക്കീഴ്, കൊരട്ടി, ആലപ്പുഴ സൗത്ത്, തലയോലപ്പറമ്പ്, ചേർത്തല, ഫറോക്ക്, തൃശൂർ, കോട്ടക്കൽ എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് മോഷണക്കേസുകളുള്ളത്.
കോയിപ്രം പൊലീസ് ഇയാളുടെ വിരലടയാളമെടുത്ത് വിദഗ്‌ധ പരിശോധനക്കയച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ഇനി ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്താനാണ് നീക്കം. തിരുവല്ല ഡിവൈഎസ്‌പി അഷാദിന്‍റെ മേൽനോട്ടത്തിൽ, കോയിപ്രം പൊലീസ് ഇൻസ്‌പെക്‌ടർ സജീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘത്തിൽ എസ്ഐ മാരായ ഷൈജു, ഉണ്ണികൃഷ്ണൻ, ഇഎസ്ഐമാരായ ബിജു, സുധീഷ്, എസ്‌സിപിഒ അഭിലാഷ് എന്നിവരുമുണ്ട്.