പത്തനംതിട്ട: ജില്ലയിൽ എലിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ കൊടുമൺ കൊമണ്‍ചിറ പാറപ്പാട്ട് മേലേതില്‍ സുജാത (50) ആണ് ഇന്ന് മരിച്ചത്. ഒരാഴ്‌ചയ്ക്കിടെ മൂന്നു പേരാണ് പത്തനംതിട്ട ജില്ലയിൽ എലിപ്പനി ബാധിച്ചു മരിച്ചത്. എലിപ്പനി മരണങ്ങൾ തുടരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
തൊഴിലുറപ്പ് തൊഴിലാളിയായ സുജാത കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പനി ബാധിച്ച് അഡ്‌മിറ്റ് ചെയ്‌ത സുജാതയ്ക്ക് വൈകിയാണ് എലിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യനില മോശമായതിനെ തുടർന്ന് സുജാതയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ ഇരിക്കെയാണ് മരണം.
കൊടുമണ്‍ പഞ്ചായത്തില്‍ ഇത് രണ്ടാമത്തെ എലിപ്പനി മരണമാണ്. മൂന്നു ദിവസം മുൻപാണ് ക്ഷീരകർഷകയായ കൊടുമണ്‍ കാവിളയില്‍ മണി(54) എലിപ്പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് പെരിങ്ങനാട് സ്വദേശിയും മരിച്ചിരുന്നു.
അടൂർ പെരിങ്ങനാട് മൂന്നാളം ലിജോ ഭവനില്‍ രാജൻ (60) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്‌ചയാണ് രാജൻ മരിച്ചത്.
ഒരാഴ്‌ചയായി പനിയും ശരീര വേദനയുമുണ്ടായിരുന്നു. വ്യാഴാഴ്‌ച അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എലിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി ബാധിച്ച് ചികിത്സയിലിരുന്ന ഒരുവയസുള്ള പെൺകുഞ്ഞ് വെള്ളിയാഴ്‌ച മരിച്ചിരുന്നു. കോന്നി ആങ്ങമൂഴി പുന്നയ്ക്കല്‍ സുമേഷിന്‍റെയും പ്രിയയുടെയും മകൾ അഹല്യയാണ് മരിച്ചത്.
Also Read: Rat Fever | പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് വയോധികൻ മരിച്ചു; ജില്ലയില്‍ ജാഗ്രത നിര്‍ദേശം
കാലവർഷം ശക്തമായതോടെ ജില്ലയിൽ ഡെങ്കി പനിയും എലിപ്പനിയും കൂടുതൽ ആയി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജാഗ്രത പാലിക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദേശം നൽകി. മണ്ണിലും വെള്ളത്തിലും ഇറങ്ങുന്നവര്‍, ജോലി ചെയ്യുന്നവര്‍, കളിക്കുന്നവര്‍, തൊഴിലുറപ്പ് ജോലിക്കാര്‍ എന്നിവര്‍ എലിപ്പനി ബാധിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഹൈ റിസ്‌ക് ജോലി ചെയ്യുന്നവര്‍ ഗ്ലൗസും കാലുറയും ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.
സംസ്ഥാനത്ത് ജൂണ്‍ ആദ്യം 30 പേര്‍ക്കാണ് എലിപ്പനി സ്ഥിരീകരിച്ചിരുന്നത്. 66 പേര്‍ എലിപ്പനി സംശയിച്ച് ചികിത്സയും തേടിയിരുന്നു. കാലവര്‍ഷം കൂടി ശക്തി പ്രാപിക്കുന്നതോടെ ഈ കണക്കുകള്‍ ഇനിയും കൂടാനുളള സാധ്യയുണ്ട്. അതേസമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
സര്‍ക്കാറിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം ജൂണ്‍ ആദ്യ രണ്ട് ആഴ്‌ചകളില്‍ 523 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 1636 പേര്‍ ഡെങ്കിപ്പനി സംശയിച്ച് ചികിത്സയും തേടിയിരുന്നു. ഡെങ്കിപ്പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നേടിയവരുടെ കണക്ക് മാത്രമാണിത്.