പത്തനംതിട്ട: ശബരീശ സന്നിധിയിലെ ഏറ്റവും പ്രധാനപ്പെട്ട അഭിഷേകങ്ങളിൽ ഒന്നാണ് പുഷ്‌പാഭിഷേകം. വൈകിട്ട് 6.30ന് ദീപാരാധനക്കു ശേഷം ആരംഭിക്കുന്ന പുഷ്പാഭിഷേകം അത്താഴ പൂജക്ക് തൊട്ടു മുൻപ് വരെ നടത്താം.
നെയ്യഭിഷേകത്താൽ ചൂടാകുന്ന തങ്കവിഗ്രഹത്തെ പുഷ്പാഭിഷേകത്താൽ കുളിരണിയിക്കുന്നു എന്നാണ് വിശ്വാസം. അഭിഷേകത്തിനായി മുല്ല, താമര, റോസ്, തെറ്റി, ജമന്തി, അരളി എന്നീ പൂക്കളും തുളസി, കൂവളത്തില എന്നീ ഇലകളുമാണ് ഉപയോഗിക്കുന്നത്. ഇവക്കൊപ്പം ആവശ്യക്കാർക്ക് ഏലക്കാ മാല, രാമച്ചമാല, കിരീടം എന്നിവയും ലഭിക്കും.
പതിനായിരം രൂപയാണ് ടിക്കറ്റ് ചാർജ്. വഴിപാട് നടത്തുന്നവർക്ക് ആറ് കൂട പൂവും ഒരു ഹാരവും ലഭിക്കും. ആറു പേർക്ക് ഇതുമായി സോപാനത്ത് നേരിട്ടെത്തി അഭിഷേകം നടത്തുന്നത് നേരിൽ കണ്ടു തൊഴാം. മാത്രമല്ല ഭക്തർ വാങ്ങി നൽകുന്ന ഏലക്ക മാലയും കിരീടവും അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ ശേഷം വഴിപാടുകാർക്കു തന്നെ തിരികെ നൽകും. എത്ര തിരക്കുള്ള സമയങ്ങളിലും പുഷ്‌പാഭിഷേകത്തിന് ടിക്കറ്റെടുത്തവർക്ക് സോപാനത്തിനുള്ളിൽ നിന്ന് തിരക്കുകൂടാതെ ദർശനം സാധ്യമാകും. മണ്ഡല- മകരവിളക്ക് കാലം കൂടാതെ നട തുറന്നിരിക്കുന്ന മാസ പൂജാവേളകളിലും സന്നിധാനത്ത് പുഷ്പാഭിഷേകം വഴിപാടായി നടത്താം.