പത്തനംതിട്ട : ശരണ മന്ത്രങ്ങളാലും നറുനെയ്യിന്‍റെ വാസനയാലും നിറഞ്ഞ് നിൽക്കുന്ന ശബരീശ സന്നിധിയില്‍ അര്‍ച്ചനയായി പുഷ്‌പാഭിഷേകം (pushpabhishekam at Sabarimala). ഭസ്‌മാഭിഷേകവും കലശാഭിഷേകവും കളഭാഭിഷേകവും കഴിഞ്ഞു നിൽക്കുന്ന അഭിഷേക പ്രിയനായ അയ്യന് പൂക്കളാൽ ഒരുക്കുന്ന അർച്ചനയാണ് പുഷ്‌പാഭിഷേകം. ശബരിമല പൂങ്കാവനമെന്ന് വിശേഷിപ്പിക്കുന്നതുപോലും അയ്യന് പൂക്കളോടുള്ള പ്രിയം കൊണ്ടാണെന്ന് സാരം.
അതുകൊണ്ടാണ് ശബരിമലയിലെ മറ്റൊരുപ്രധാന വഴിപാടായി പുഷ്‌പാഭിഷേകവും മാറിയത്. നെയ്യഭിഷേകത്താൽ തപിക്കുന്ന തങ്കവിഗ്രഹത്തെ കളഭാഭിഷേകത്താൽ കുളിരണിയിക്കുന്നതുപോലെ ഭക്തമനസും അഭിഷേക ദർശനത്താൽ നിർവൃതി അണയുന്നു. ഉദ്ദിഷ്‌ടകാര്യ സിദ്ധിക്കായി അയ്യപ്പ സ്വാമിക്ക് നിത്യവും സമർപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണിത് (pushpabhishekam for Lord Ayyappa in Sabarimala).
നിരവധി പേരാണ് അയ്യന് പുഷ്‌പാഭിഷേക വഴിപാടുമായി ശബരീശ സന്നിധിയിൽ എത്തുന്നത്. വൈകിട്ട് ദീപാരാധനക്ക് ശേഷം ആരംഭിച്ച് അത്താഴ പൂജയ്ക്ക് തൊട്ടു മുൻപ് വരെയാണ് തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ പുഷ്‌പാഭിഷേകം നടക്കുക. താമര, പനിനീർപൂവ്, മുല്ല, അരളി, ജമന്തി, തുളസി, കൂവളം, തെറ്റി തുടങ്ങിയ എട്ടുതരം പുഷ്‌പങ്ങൾ മാത്രമാണ് അഭിഷേകത്തിന് ഉപയോഗിക്കുക. അതിനോടൊപ്പം ഏലക്ക മാല, രാമച്ച മാല, കിരീടം എന്നിവയും ഭക്തർക്ക് സമർപ്പിക്കാവുന്നതാണ്.
വഴിപാട് നടത്തുന്ന ഭക്തർക്കായി എട്ട് കൂട പൂവും ഒരു ഹാരവും ലഭിക്കും. ഇതുമായി അഞ്ച് പേർക്ക് ശ്രീകോവിലിനു മുന്നിലെത്തി തിരക്കുകൂടാതെ അഭിഷേക ദർശനവും വിശേഷ പൂജകളും ലഭിക്കുന്നു. ഭക്തർ നൽകുന്ന ഏലക്ക മാലയും കിരീടവും അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ ശേഷം വഴിപാടുകാർക്കു തന്നെ തിരികെ നൽകും. പരിപാവനമായ ഈ അഭിഷേക പ്രസാദം ഭക്തർക്ക് നൽകുന്ന ആത്മനിർവൃതി ചെറുതൊന്നുമല്ല.
12,500 രൂപയാണ് ഒരു പുഷ്‌പാഭിഷേകത്തിനു ദേവസ്വത്തിൽ അടയ്ക്കേണ്ടത്. വഴിപാട് ഓൺലൈന്‍ ആയും നേരിട്ടും ബുക്ക് ചെയ്യാം. പണം അടച്ചാൽ ആവശ്യമായ പൂക്കൾ ശ്രീകോവിലിനു സമീപത്തു നിന്നു ലഭിക്കും. അതിനാൽ തന്നെ വഴിപാട് നടത്തുന്നവർ പൂക്കൾ കൊണ്ടുവരേണ്ടതില്ല. ശരാശരി ഒരു ദിവസം മുപ്പത്തോളം പുഷ്‌പാഭിഷേകം നടക്കുന്നുണ്ടെന്ന് ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ ഒ ജി ബിജു പറഞ്ഞു. പുഷ്‌പാഭിഷേകത്തിനും ബുക്കിങ് പരിധിയില്ലെന്നതാണ് ശബരിമലയിലെ പ്രത്യേകത.
Also Read: ഒരാള്‍ക്ക് 2 മാത്രം, അരവണ ക്ഷാമം തുടരുന്നു ; പ്രതിസന്ധി മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ
അതേസമയം മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിയ്‌ക്കെ അരവണ വിതരണത്തില്‍ പ്രതിസന്ധി തുടരുകയാണ്. കണ്ടെയ്‌നർ ക്ഷാമം മൂലമാണ് ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തില്‍ പ്രതിസന്ധി നേരിടുന്നത്. നിലവില്‍ ഒരാള്‍ക്ക് രണ്ട് കണ്ടെയ്‌നര്‍ അരവണ മാത്രമാണ് വിതരണം ചെയ്യുന്നത്. അരവണ വിതരണത്തില്‍ ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ശബരിമലയിലെത്തുന്ന ഭക്തര്‍ നിരാശയിലാണ്.