പത്തനംതിട്ട : ചെയ്യാത്ത ജോലിക്ക് കരാറുകാരന് അഞ്ച് ലക്ഷത്തോളം രൂപ അനുവദിച്ച സംഭവത്തില്‍ രണ്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നിര്‍ദേശ പ്രകാരം സസ്പെൻഡ് ചെയ്‌തു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്‍റ് എഞ്ചിനിയര്‍ അഞ്ജു സലീം, പത്തനംതിട്ട റോഡ്‌സ് ഡിവിഷന്‍ അസിസ്റ്റന്‍റ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ബി ബിനു എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്. കുമ്പഴ-ളാക്കൂര്‍-കോന്നി റോഡിന്‍റെ നിര്‍മാണത്തിലാണ് അഴിമതി നടന്നത്.
കുമ്പഴ-ളാക്കൂര്‍-കോന്നി റോഡില്‍ ക്രാഷ് ബാരിയറും സൈൻ ബോര്‍ഡും സ്ഥാപിച്ചതായി കാണിച്ച് കരാറുകാരന് 4,80,000 രൂപ പാസാക്കി നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് നടത്തിയ പരിശോധനയില്‍ ഇത്തരത്തിൽ നിര്‍മാണ പ്രവര്‍ത്തനം നടന്നിട്ടില്ല എന്ന് കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ നിര്‍ദേശ പ്രകാരമാണ് നടപടി ഉണ്ടായിരിക്കുന്നത്.
റോഡില്‍ 393 മീറ്ററിലാണ് ക്രാഷ് ബാരിയര്‍ സ്ഥാപിക്കേണ്ടിയിരുന്നത്. എന്നാൽ, 250 മീറ്ററില്‍ മാത്രമാണ് ക്രാഷ് ബാരിയര്‍ സ്ഥാപിച്ചത്. തുടർന്ന് ക്രാഷ് ബാരിയർ പൂർണമായും സ്ഥാപിച്ചെന്ന് കാണിച്ച് പൊതുമരാമത്ത് അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ബി ബിനു പ്രവൃത്തിയുടെ പണം മുഴുവന്‍ കരാറുകാരന് കൈമാറി. ഇതേ റോഡിന്‍റെ നിര്‍മാണത്തില്‍ 43 ലക്ഷം രൂപയാണ് കരാറുകാരന് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ലാഭമുണ്ടാക്കി കൊടുത്തത്.
പ്രതിഫലമായി എഞ്ചിനിയര്‍ 20 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. എന്നാല്‍, കരാറുകാരന്‍ 10 ലക്ഷം രൂപയെ കൊടുക്കാൻ തയ്യാറായുള്ളു. ഇതിനിടെ ഇതേ കരാറുകാരന് കീഴില്‍ സഹായി ആയി പ്രവര്‍ത്തിച്ചിരുന്നയാള്‍ ഇയാളുമായി തർക്കത്തിലേർപ്പെടുകയും പുതിയ കരാര്‍ ജോലിയില്‍ ഏര്‍പ്പെടുകയും ചെയ്‌തു. ഇയാള്‍ 2021ൽ മൂഴിയാര്‍ ലിങ്ക് റോഡ് ഡ്രെയിനേജ് പദ്ധതി ഏറ്റെടുത്തു.
തനിക്ക് നേരത്തേ കിട്ടാനുള്ള കൈക്കൂലിയുടെ ബാക്കി ഭാഗം ഇയാളോട് എഞ്ചിനിയര്‍ ആവശ്യപ്പെട്ടു. ഇയാള്‍ ഇതിന് തയ്യാറാകാതെ വന്നതോടെ എഞ്ചിനിയർ മൂന്നു ലക്ഷം രൂപ കുറച്ചാണ് ബില്‍ പാസാക്കി നല്‍കിയത്. ഇതിനെ തുടർന്ന് കരാറുകാരന്‍ വിജിലൻസിനെ വിവരങ്ങൾ ധരിപ്പിച്ചു പരാതി നല്‍കുകയായിരുന്നു. വിജിലൻസിൽ പരാതി നൽകിയിട്ടുണ്ടെന്ന് മനസിലാക്കിയ എഞ്ചിനിയർ മറ്റൊരു കരാറുകാരനെ ഉപയോഗിച്ച് ഇവിടെ ക്രാഷ് ബാരിയര്‍ സ്ഥാപിക്കാനുള്ള ജോലികൾ ആരംഭിച്ചിരുന്നു.
പരാതിക്കാരന്‍ വിജിലന്‍സ് സംഘവുമായി സ്ഥലത്തെത്തി ഇത് പിടികൂടുകയായിരുന്നു. ക്രാഷ് ബാരിയർ സ്ഥാപിക്കുന്ന പ്രവർത്തികൾ പൂർത്തിയായെന്ന് കാണിച്ച് കരാറുകാരന് ബില്‍ മാറി നൽകിയ സ്ഥലത്താണ് ക്രാഷ് ബാരിയര്‍ സ്ഥാപിച്ചു കൊണ്ടിരുന്നതെന്ന് വിജിലൻസിന് ബോധ്യമായി. തുടർന്ന് രണ്ട് എഞ്ചിനിയർമാർ ആദ്യ കരാറുകരൻ എന്നിവരെ പ്രതികളാക്കി വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ അസിസ്റ്റന്‍റ് എഞ്ചിനിയറെയും അസിസ്റ്റന്‍റ് എക്‌സിക്യുട്ടീവ് എഞ്ചിനിയറെയും സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്.