പത്തനംതിട്ട : കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ പിതാവ് റെജി താമസിക്കുന്ന ഫ്ലാറ്റിലും പൊലീസ് പരിശോധന. പത്തനംതിട്ട കല്ലറക്കടവിലുള്ള ഫ്ലാറ്റിലാണ് പ്രത്യേക അന്വേഷണ സംഘം തെരച്ചില്‍ നടത്തിയത്. പിതാവിന്‍റെ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. ഇന്ന് (നവംബര്‍ 30) വൈകിട്ടാണ് പരിശോധന നടന്നത്.
പത്തനംതിട്ട നഗരത്തില്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് പിതാവ്. ആശുപത്രി അധികൃതര്‍ വാടകയ്‌ക്ക് എടുത്ത് നല്‍കിയ ഫ്ലാറ്റിലാണ് പരിശോധന നടന്നത്. താമസ സ്ഥലത്ത് പരിശോധന നടത്തിയതിന് പിന്നാലെ പിതാവ് ജോലി ചെയ്യുന്ന ആശുപത്രിയിലും പൊലീസെത്തിയിരുന്നു.
അതേ സമയം ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്ന കുട്ടി ആശുപത്രി വിട്ടു. പൊലീസ് സുരക്ഷയിലാണ് കുടുംബം കുഞ്ഞുമായി വീട്ടിലേക്ക് മടങ്ങിയത്. തന്നെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ രണ്ട് സ്‌ത്രീകള്‍ ഉണ്ടെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി. ഇതോടെ കേസില്‍ പുതിയ രേഖാചിത്രങ്ങളും പൊലീസ് പുറത്തുവിട്ടു. ഒരു സ്‌ത്രീയുടെയും ഒരു പുരുഷന്‍റെയും രേഖാചിത്രമാണ് പുറത്തുവിട്ടത്.
ആശങ്കയുടെ മണിക്കൂറുകള്‍ : നവംബര്‍ 27നാണ് ഓയൂരില്‍ നിന്ന് ആറുവയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. വൈകിട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് സഹോദരനൊപ്പം മടങ്ങുമ്പോഴായിരുന്നു സംഭവം. സഹോദരന്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടിയെ സംഘം കാറിലേക്ക് വലിച്ചിഴച്ച് കയറ്റിക്കൊണ്ടുപോവുകയായിരുന്നു. സഹോദരനെ സംഘം നിലത്തേക്ക് തള്ളിയിടുകയും ചെയ്‌തു.
സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കുകയും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം വ്യാപകമാക്കുകയും ചെയ്‌തു. തട്ടിക്കൊണ്ടുപോയതിന് പിന്നാലെ കുട്ടിയുടെ അമ്മയുടെ ഫോണില്‍ ബന്ധപ്പെട്ട സംഘം മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്‌തു. 10 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. പ്രതികള്‍ വിളിച്ച ഫോണ്‍ നമ്പര്‍ പരിശോധിച്ചും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
Also Read: കുട്ടിയെ തട്ടിക്കൊണ്ടുപോയത് സമീപവാസികളാകാം; തെരച്ചിൽ ഊർജ്ജിതമെന്ന് എഡിജിപി
തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിന് ശേഷം കൊല്ലത്തെ ആശ്രാമം മൈതാനത്ത് സംഘം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. മൈതാനത്ത് ആളൊഴിഞ്ഞ സ്ഥലത്തെ ബെഞ്ചിലിരുത്തി ഒരു യുവതി കടന്നുകളയുകയായിരുന്നു. മൈതാനത്ത് കുഞ്ഞ് തനിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട എസ്‌എന്‍ കോളജ് വിദ്യാര്‍ഥികളാണ് കാര്യം തിരക്കിയത്. വിദ്യാര്‍ഥികള്‍ കുട്ടിയെ തിരിച്ചറിഞ്ഞതോടെ നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്‌തു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ എആര്‍ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.