പത്തനംതിട്ട; രാജ്യത്തെ ഉന്നത പദവികളില്‍ നിന്ന് വിരമിച്ചാല്‍ പിന്നെ വിശ്രമ ജീവിതം നയിക്കുന്നവരാണ് അധികവും. രാജ്യത്തിന് വേണ്ടി പ്രതിരോധ ഉപകരണങ്ങൾ നിർമിച്ചിരുന്ന ശാസ്ത്രജ്ഞൻ, പ്രായത്തെ അതിജീവിച്ച് കൃഷിയില്‍ വിജയം നേടുമ്പോൾ അത് പുതുതലമുറയ്ക്ക് വലിയൊരു പാഠമാണ്.
പത്തനംതിട്ട ഇലന്തൂർ പുലിപ്രേത്ത് വീട്ടില്‍ പി കെ വിജയരാജൻ സ്വയം വികസിപ്പിച്ച കൃഷി രീതിക്ക് ഹരിദർശനം എന്നു പേരിട്ടു. എൺപത്തിമൂന്നാം വയസിലും പഴയ ഡി ആർ ഡി ഒ ശാസ്ത്രജ്ഞൻ വിഷരഹിത കൃഷിയില്‍ നാടിനാകെ മാതൃകയാണ്.
മണ്ണിര കംപോസ്റ്റ്, മീൻവളർത്തൽ, പച്ചക്കറി കൃഷി, തേനീച്ച വളർത്തൽ എന്നിവയിലെല്ലാം വിജയരാജൻ വിജയവഴി തെളിച്ചുകഴിഞ്ഞു. കൃഷി കൂടുതല്‍ ജൈവവും ആയാസരഹിതവും ആക്കുന്നതിനായി ചില മാർഗങ്ങളും വിജയരാജൻ വികസിപ്പിച്ചിട്ടുണ്ട്. അതില്‍ വിജയരാജൻ നാടിന് സമ്മാനിച്ച പ്ലാസ്റ്റിക് നിർമാജന രീതി എവിടെയും പരീക്ഷിക്കാവുന്നതാണ്.
ജൈവക്കൃഷിയെ മണ്ണിനൊപ്പം ഹൃദയത്തോട് കൂടി ചേർത്തു നിർത്തിയാണ് പഴയ ശാസ്ത്രപ്രതിഭ ജീവിത മാതൃക സൃഷ്ടിക്കുന്നത്.