പത്തനംതിട്ട: പട്ടാമ്പി പാലത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പ്രളയത്തിൽ ഉണ്ടായ തകർച്ച പരിഹരിക്കുന്നതിനാണ് 20 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തികൾ നടത്തുന്നത്. പാലക്കാട് - ഗുരുവായൂർ സംസ്ഥാന പാതയിലുള്ള പാലത്തിലൂടെ വലുതും ചെറുതുമായ നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. ആദ്യ പ്രളയത്തിൽ പാലത്തിന്‍റെ കോൺക്രീറ്റ് കൈവരികൾ തകർന്നെങ്കിലും യുദ്ധകാലാടിസ്ഥാനത്തിൽ പുതിയ ഇരുമ്പു കൈവരികൾ സ്ഥാപിച്ചു. രണ്ടാം പ്രളയത്തിൽ പാലത്തിൽ സംഭവിച്ച ചെറിയ തകരാറുകൾ പരിഹരിക്കുന്ന പ്രവർത്തിയാണ് ഇപ്പോൾ നടക്കുന്നത്.
കുഴികൾ, വിള്ളലുകൾ എന്നിവ അടക്കുക, പാലത്തിന്‍റെ അടിത്തറയുടെയും സ്പാനുകളുടെയും പ്ലാസ്റ്ററിങ് പ്രവർത്തനങ്ങളും ഇതോടൊപ്പം നടത്തും. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിന്‍റെ നേതൃത്വത്തിലാണ് അറ്റകുറ്റപണികൾ നടക്കുന്നത്. അതേസമയം, പട്ടാമ്പിയിൽ നിർമിക്കുന്ന പുതിയ പാലത്തിനായി സ്ഥലമേറ്റെടുക്കലിന് അനുമതിയായി. കിഫ്ബി ഫണ്ടുപയോഗിച്ച് 30 കൊടിരൂപ ചെലവിലാണ് പുതിയ പാലം നിർമിക്കുക. പുതിയ പാലത്തിന് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.