പത്തനംതിട്ട: ഇന്നലെ(28.08.2022) രാത്രി പെയ്‌ത കനത്ത മഴയിൽ ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മല്ലപ്പള്ളി, ചുങ്കപ്പാറ, റാന്നി, അയിരൂർ, കോഴഞ്ചേരി, നാരങ്ങാനം എന്നിവിടങ്ങളിലാണ് കൂടുതൽ മഴ പെയ്‌തത്. പ്രദേശത്തെ ചെറുതോടുകൾ കവിഞ്ഞാണ് വെള്ളം കയറിയിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ തമിഴ്‌നാടിന് കിഴക്കായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ ഭാഗമായി ലഭിക്കുന്ന കിഴക്കൻ മഴ വൈകുന്നേരവും രാത്രിയിലുമായി പെയ്യുകയും, രാവിലെയോടു കൂടി ശക്തി കുറയുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത മണിക്കൂറുകളിൽ മഴ കുറയുമെന്നാണ് റിപ്പോർട്ട്. അതേസമയം നദികളിലെ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അറിയിച്ചു.
മല്ലപ്പള്ളി താലൂക്ക് പരിധിയിൽ രാത്രി ശക്തമായ മഴ ഉണ്ടായിരുന്നു. ഇന്ന്(29.08.2022) രാവിലെ 6.30ന് ശേഷം മഴയുടെ ശക്തി കുറഞ്ഞു. കോട്ടാങ്ങൽ വില്ലേജിൽ ചുങ്കപ്പാറ ജംഗ്‌ഷനിൽ കടകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്.
മല്ലപ്പള്ളി, ആനിക്കാട്, തെള്ളിയൂർ വില്ലേജുകളിലെയും തോടുകൾ കരകവിഞ്ഞ് ഒഴുകി. മല്ലപ്പള്ളി താലൂക്കില്‍ കോട്ടാങ്ങല്‍ വില്ലേജില്‍ പല വീടുകളിലും കടകളിലും വെള്ളം കയറി. പോര്‍ച്ചില്‍ നിന്നും ഒരു കാര്‍ ഒഴുകി പോയി.
നിലവിൽ കാര്‍ നാട്ടുകാര്‍ ചേർന്ന് തോട്ടില്‍ കെട്ടിയിട്ടിരിക്കുകയാണ്. പത്തനംതിട്ട വെട്ടിപ്രത്ത് ജില്ല പൊലീസ് ആസ്ഥാനത്തും വെള്ളപ്പൊക്കമുണ്ടായി. ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജനും കലക്‌ടർക്കൊപ്പം സ്ഥലം സന്ദർശിച്ചു. ജില്ലയിൽ 29ന് രാവിലെ മുതൽ ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും കനത്ത മഴയില്ല. എന്നാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ട്.
29 ഓഗസ്റ്റ് 2022 രാവിലെ 8.30 നുള്ള കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും ഇടിക്കും മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട ജില്ലയിൽ ഇന്നലെ രാത്രി ലഭിച്ച മഴയുടെ അളവ്
വാഴക്കുന്നം - 139 mm
കുന്നന്താനം - 124 mm
റാന്നി - 104 mm
കോന്നി - 77 mm
സീതത്തോട് - 73 mm
ഉളനാട് - 65mm
ളാഹ - 61mm
വെൺകുറിഞ്ഞി - 45mm