പത്തനംതിട്ട: കൊവിഡ് കാലം സകല മേഖലകളേയും ദുരിതത്തിലാക്കിയിട്ട് ഏഴ് മാസം പിന്നിടുകയാണ്. മാർച്ച് അവസാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതല്‍ രാജ്യത്തെ പൊതുഗതാഗത സംവിധാനം പൂർണമായും അടച്ചിടേണ്ടി വന്നു. ലോക്ക് ഡൗണില്‍ ഇളവുകൾ പ്രഖ്യാപിക്കുകയും ചെറിയ തോതില്‍ പൊതു ഗതാഗതം ആരംഭിക്കുകയും ചെയ്തെങ്കിലും ഇനിയും പൂർണ സജ്ജമായിട്ടില്ല. അതിനിടെ കേരളത്തില്‍ രോഗവ്യാപനം വർധിച്ചതോടെ വീണ്ടും നിയന്ത്രണങ്ങൾ വന്നു. അതോടെ ആളുകൾ പൊതുഗതാഗത സംവിധാനങ്ങളില്‍ നിന്ന് പിൻമാറി. ഇത് ഏറ്റവുമധികം ദുരിതത്തിലാക്കിയത് സ്വകാര്യ ബസ് സർവീസുകളെയാണ്. പത്തനംതിട്ട ജില്ലയുടെ വിവിധ മേഖലകളില്‍ സ്വകാര്യ ബസുകളെയാണ് യാത്രക്കാർ ആശ്രയിച്ചിരുന്നത്.
പത്തനംതിട്ട, പുനലൂർ, അടൂർ, മാവേലിക്കര, പന്തളം, ഹരിപ്പാട്, ചെങ്ങന്നൂർ, തിരുവല്ല, റാന്നി, വടശ്ശേരിക്കര തുടങ്ങി പത്തനംതിട്ട ജില്ലയിലെ ഭൂരിഭാഗം റൂട്ടിലും ആളില്ലാതെയാണ് ബസുകൾ ഓടുന്നത്. ആളില്ലാത്തതിനാൽ തെരഞ്ഞെടുത്ത സമയത്ത് മാത്രമാണിപ്പോൾ സർവീസ് നടത്തുന്നത്. ചില റൂട്ടുകളിൽ പേരിനു മാത്രം ഒന്നോ രണ്ടോ ബസുകൾ ഓടും. കൂടുതൽ സമയവും സ്റ്റാൻഡുകളിൽ തന്നെ ബസ് പിടിച്ചിടും.
ജില്ലയുടെ പല ഭാഗങ്ങളിലായി റോഡ് സൈഡിലും വയലിലുമൊക്കെയായി ബസുകൾ നിർത്തിയിട്ടിരിക്കുന്നതും കാണാം. ജോലി ചെയ്യുന്നവർക്ക് പകുതി ശമ്പളം മാത്രമാണ് നല്‍കുന്നത്. ബാക്കിയുള്ളവർ മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞു. വെറുതെയിട്ടാല്‍ ബസുകൾ നശിക്കുമെന്ന ആശങ്കയിലാണ് നഷ്ടം സഹിച്ചും സർവീസ് നടത്തുന്നത്. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ദൈനംദിന കാര്യങ്ങൾക്കുള്ള വരുമാനം പോലും ലഭിക്കാത്ത അവസ്ഥയിലാണ് ബസുടമകളും തൊഴിലാളികളും. ബാങ്ക് വായ്‌പ അടച്ചു തീർക്കാൻ കഴിയാത്തവർ ജപ്‌തി ഭീഷണിയിലാണ്. സ്വകാര്യ ബസ് സർവീസുകളെ ആശ്രയിച്ച് ജീവിച്ചിരുന്ന ചെറുകിട കച്ചവടക്കാരും വർക്ക് ഷോപ്പ് തൊഴിലാളികളും പട്ടിണിയിലാണ്. സർക്കാർ സഹായം മാത്രമാണ് ഇവരുടെ ജീവിതത്തില്‍ ഇനി പ്രതീക്ഷയുള്ളത്.