പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്നും ഭീഷണിപ്പെടുത്തി വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് പിടിയിൽ. മല്ലപ്പള്ളി പെരുമ്പ്രമാവ് പുത്തൻപുരയ്‌ക്കൽ അമൽ (21) ആണ് കാസർകോട് ചീമേനിയിൽ നിന്നും വെള്ളിയാഴ്‌ച(29.07.2022) വൈകിട്ട് പിടിയിലായത്. ചൊവ്വാഴ്‌ച(26.07.2022) രാവിലെ 7.30 നാണ് പെൺകുട്ടിയെ കാണാതായത്.
തുടർന്ന് പിതാവ് പരാതിപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ കീഴ്‌വായ്‌പ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോണിന്‍റെ ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ ഇവര്‍ കാസർകോട് ചീമേനിയിൽ ഉണ്ടെന്ന് കണ്ടെത്തി. ചീമേനി പൊലീസിനെ വിവരമറിയിച്ച ശേഷം കീഴ്‌വായ്‌പ്പൂര്‍ പൊലീസ് വ്യാഴാഴ്‌ച രാത്രി സ്ഥലത്തെത്തി ഇരുവരെയും കൂട്ടിക്കൊണ്ട് വരികയായിരുന്നു.
ഇയാളെ വിശദമായി ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിച്ചു. പെൺകുട്ടിയെ കോഴഞ്ചേരി വൺ സ്റ്റോപ്പ് സെന്‍ററിലാക്കുകയും പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തു. യുവാവ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.
വീട്ടിൽ നിന്നും വിളിച്ചിറക്കി മല്ലപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ എത്തിച്ച ശേഷം കാസർകോട്ടേക്ക് പോകുകയായിരുന്നു എന്നും പ്രതി സമ്മതിച്ചു. തുടർന്ന് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പൊലീസ് ഇൻസ്‌പെക്‌ടർ വിപിൻ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും കണ്ടെത്തിയത്.