പത്തനംതിട്ട : ജില്ലയിൽ സി.പി.എം സി.പി.ഐ ബന്ധം വീണ്ടും ഉലയുന്നു. കടുത്ത ഭിന്നതയിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. കൊടുമണ്ണില്‍ സി.പി.ഐ നേതാക്കളെ മര്‍ദിച്ചതാണ് ഭിന്നതയ്‌ക്ക് ഇടയാക്കിയത്.
ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ജില്ലയിലെ എല്‍.ഡി.എഫ് പരിപാടികള്‍ സി.പി.ഐ ബഹിഷ്ക്കരിക്കും. കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവിന്‍റേതാണ് തീരുമാനം. സി.പി.എം ഉഭയകക്ഷി ചര്‍ച്ചകളിലെടുത്ത വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന ആരോപണമാണ് സി.പി.ഐ മുഖ്യമായും ഉന്നയിക്കുന്നത്.
സി.പി.എം വാക്കുപാലിച്ചില്ലെന്ന് സി.പി.ഐ
കഴിഞ്ഞ മാസം 16 ന് നടന്ന കൊടുമണ്‍ അങ്ങാടിക്കൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ സി.പി.എം സി.പി.ഐ ജില്ല നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. കുറ്റക്കാരായ ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സി.പി.എം ജില്ല സെക്രട്ടറി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ച നടന്ന് ആഴ്‌ചകള്‍ കഴിഞ്ഞിട്ടും പ്രതികളായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തില്ല. ഇതാണ് വീണ്ടും സി.പി.ഐയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഇനിയും സി.പി.എമ്മിന്‍റെ വാക്ക് വിശ്വസിക്കേണ്ടതില്ലെന്നാണ് സി.പി.ഐ ജില്ല എക്‌സിക്യുട്ടീവിന്‍റെ തീരുമാനം. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം പരിഗണിക്കണമെന്ന് സി.പി.ഐ ജില്ല കമ്മിറ്റിയിലും ചര്‍ച്ച വന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സി.പി.എമ്മിനോട് വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാടിലേക്ക് സി.പി.ഐ എത്തുന്നത്. ജില്ല നേതാക്കള്‍ തമ്മിലെ ഉഭയകക്ഷി ചര്‍ച്ചയിലെ ഉറപ്പ് പാലിക്കുന്നത് വരെ മുന്നണി യോഗത്തില്‍ നിന്നും വിട്ട് നില്‍ക്കാനാണ് തീരുമാനം.
മര്‍ദനത്തിന്‍റെ ദൃശ്യം പുറത്തുവിട്ട് ഡി.വൈ.എഫ്.ഐ
എല്‍.ഡി.എഫ് ജില്ല നേതൃത്വത്തിനെയും പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയെയും സി.പി.ഐ ജില്ല നേതൃത്വം തങ്ങളുടെ നിലപാട് അറിയിക്കും. ജില്ലയിലുണ്ടായ സി.പി.എം, സി.പി.ഐ സംഘർഷം സംസ്ഥാന തലത്തിൽ തന്നെ ചർച്ചയായിരുന്നു. സി.പി.ഐ അങ്ങാടിക്കല്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് ബാബു മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എൻ.കെ ഉദയ കുമാർ എന്നിവരെയാണ് നടുറോഡിലിട്ട് മര്‍ദിച്ചത്.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെയാണ് ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സംഭവത്തില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ മാത്രം ജാമ്യമില്ല വകുപ്പ് ചുമത്തി പൊലീസ് ഏകപക്ഷീയമായാണ് നടപടി സ്വീകരിച്ചതെന്നാരോപിച്ച് സി.പി.ഐ ഡി.വൈ.എസ്.പി ഓഫിസ് ഉപരോധം ഉൾപ്പടെ നടത്തിയിരുന്നു.
ALSO READ: 'രാജ്ഭവൻ നിയന്ത്രിക്കാൻ ചിലര്‍ ശ്രമിക്കുന്നു'; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍