പത്തനംതിട്ട: ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്‌ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറി. ഞായറാഴ്‌ച ഉച്ചയോടെയാണ് തീവ്രമഴ രൂപപ്പെട്ടത്. കൊല്ലമുള പ്രദേശത്തെ തോട്ടില്‍ ശക്തമായുണ്ടായ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.
കൊല്ലമുള പൊക്കണാമറ്റത്തിൽ അദ്വൈതാണ് (22) മരിച്ചത്. ഞായറാഴ്‌ച വൈകിട്ട് എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. മുക്കൂട്ടുതറയിൽ ബൈക്കിൽ റോഡിന് കുറുകെയുള്ള പാലം കടക്കുന്നതിനിടെ യുവാവും സുഹൃത്തും ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു.
നാട്ടുകാരും ഫയർ ഫോഴ്‌സും പൊലീസും നടത്തിയ തെരച്ചിലിൽ, മൃതദേഹം പലകക്കാവ് തോട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. തുടര്‍ന്ന്, മുക്കൂട്ടുതറ അസീസീ ആശുപത്രിയില്‍ എത്തിച്ചു. ഒപ്പമുണ്ടായിരുന്നയാൾ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. ഇയാളെ മുക്കൂട്ടുതറ ചെറുപുഷ്‌പം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.