പത്തനംതിട്ട: ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ട് 42 ദിവസമായിട്ടും അറുപത്തിരണ്ടുകാരിക്ക് രോഗം ഭേദമായില്ല. ഇവരുടെ സാമ്പിൾ പരിശോധന ഫലം 19 ആം തവണയും പോസിറ്റീവ് ആയി. ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിൽ നിന്ന് രോഗം പിടിപെട്ട വടശ്ശേരിക്കര സ്വദേശിയാണ് നിലവില്‍ ചികിത്സയിൽ തുടരുന്നത്. ഇവരുടെ മകളുടെ രോഗം നേരത്തെ ഭേദമായി ആശുപത്രി വിട്ടിരുന്നു. പ്രമേഹ രോഗി കൂടിയായ ഇവരുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമാണെന്ന് ഡി.എം.ഒ എ.എല്‍ ഷീജ അറിയിച്ചു.
ജില്ലയിലെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളുടെ പട്ടികയും പുനഃക്രമീകരിച്ചിട്ടുണ്ട്. ആദ്യം പുറത്തിറക്കിയ പട്ടികയിൽ ആറ് ഹോട്ട്‌സ്‌പോട്ടുകളാണ് കണ്ടെത്തിയത്. രണ്ട് മുനിസിപ്പാലിറ്റികളുൾപ്പെടെ ജില്ലയിലെ ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധികളാണ് പുതിയ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ഓമല്ലൂർ, കോഴഞ്ചേരി എന്നിവിടങ്ങളെ ഒഴിവാക്കിയാണ് പുതിയ പട്ടിക.