പത്തനംതിട്ട: അടൂരിൽ ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്‍റെ ഓണാഘോഷത്തിൽ പരിപാടികള്‍ അവതരിപ്പിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കലാസംഘങ്ങളും. സെപ്‌റ്റംബര്‍ 10 ന് അടൂർ ഗാന്ധി സ്‌മൃതി മൈതാനിയിലാണ് ഓണാഘോഷത്തിന് തുടക്കമായത്. ഭാരത് ഭവന്‍റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളാണ് നടന്നത്. ഉത്തരാഖണ്ഡ്, അസം, പഞ്ചാബ്, കർണാടക, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ കലാകാരന്മാരാണ് പരിപാടികള്‍ അവതരിപ്പിച്ചത്.
പച്ചേളി ഡാൻസ്, തമിച്ചലുക ഡാൻസ് എന്നിവ ഉത്തരാഖണ്ഡും ബിഹു ഡാൻസ്, ഗോൾപാമിയ ഡാൻസ് എന്നിവ അസമും ഭങ്കാട ഡാൻസ്, ലൂഡി ഡാൻസ് എന്നിവ പഞ്ചാബും അവതരിപ്പിച്ചു. സിദ്ധി ദമൽ കർണാടകയും റത്വ ഡാൻസ്, സിദ്ധി ദമൽ എന്നിവ ഗുജറാത്ത് സംഘവും അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.
ഉദ്ഘാടനം മന്ത്രി എംബി രാജേഷ്: ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 11) രാവിലെ 11ന് ഫോക്‌ലോർ അക്കാദമിയുടെ കലാപരിപാടികള്‍ നടന്നു. ഇതേ ദിവസം വൈകിട്ട് ആറിന് മാരായമുട്ടം ജോണിയുടെ കഥാപ്രസംഗവും രാഹുൽ കൊച്ചാപ്പിയുടെ നാടൻപാട്ടുമുണ്ടാകും. 12-ാം തിയതി വരെയാണ് ഓണഘോഷം. ഈ ദിവസം വൈകിട്ട് മൂന്നിന് അടൂർ ജനറൽ ആശുപത്രി ജങ്ഷനിൽ നിന്നും ഗാന്ധി സ്‌മൃതി മൈതാനിയിലേക്ക് ഓണം സമാപന ഘോഷയാത്ര നടക്കും. സമാപന സമ്മേളനം വൈകുന്നേരം അഞ്ചിന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്യും.
കേളികൊട്ട് നാടൻപാട്ട് മെഗാഷോ: ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടന സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. ആന്‍റോ ആന്‍റണി എംപി, എംഎൽഎമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ കെ.യു ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായൺ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യർ, സിനിമ താരങ്ങളായ മധുപാൽ, ജയൻ ചേർത്തല, മോഹൻ അയിരൂർ തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം 6.30 ന് കുട്ടനാട് കണ്ണകി ഗ്രൂപ്പിന്‍റെ പുന്നപ്ര മനോജും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട് നാടൻപാട്ട് മെഗാ ഷോ നടക്കും.