പത്തനംതിട്ട : ജില്ല കലക്‌ടര്‍ ദിവ്യ എസ് അയ്യരുടേതുള്‍പ്പടെ അഞ്ച് വാഹനങ്ങള്‍ ജപ്‌തി ചെയ്യാനുള്ള നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. പത്തനംതിട്ട സബ് കോടതിയാണ് വാഹനങ്ങള്‍ ജപ്‌തി ചെയ്യാന്‍ ഉത്തരവിട്ടിരുന്നത്. റിങ് റോഡിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഭൂവുടമയ്‌ക്ക് നഷ്‌ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ ജപ്‌തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
റിങ് റോഡ് നിര്‍മാണത്തിനായി 2008ലാണ് സ്ഥലം ഏറ്റെടുത്തത്. റോഡ് നിര്‍മാണത്തിനായി മൂന്ന് സെന്‍റ് സ്ഥലം നല്‍കിയ പത്തനംതിട്ട സ്വദേശിയ്‌ക്ക് നഷ്‌ട പരിഹാരവും പലിശയും ചേര്‍ത്ത് 38 ലക്ഷം രൂപയാണ് നല്‍കാനുള്ളത്. പൊതുമരാമത്ത് വകുപ്പാണ് പണം നല്‍കേണ്ടത്. എന്നാല്‍ സ്ഥലം ഏറ്റെടുത്തതിന് ഉടമയ്‌ക്ക് ഏഴ് ലക്ഷം രൂപ മാത്രമാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്.
പണം നല്‍കാനായി ജില്ല ഭരണകൂടം നിരവധി തവണ പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. വിഷയത്തില്‍ തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് സ്ഥലം ഉടമ പത്തനംതിട്ട സബ് കോടതിയെ സമീപിച്ചു. ബാക്കി തുക കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് ഉടമ കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ച് കേസ് എത്രയും വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട സബ് കോടതി ജപ്‌തിയ്‌ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് കലക്‌ടറുടേതടക്കം അഞ്ച് വാഹനങ്ങള്‍ ജപ്‌തി ചെയ്യാന്‍ കോടതി ഉത്തരവിട്ടു.
എന്നാല്‍ സബ് കോടതിയുടെ ഉത്തരവിന് എതിരെ ജില്ല ഭരണകൂടം ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച കോടതി ജപ്‌തി നടപടികള്‍ താത്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. സബ് കോടതിയുടെ ജപ്‌തി ഉത്തരവിനെ തുടര്‍ന്ന് കലക്‌ടറുടെ വാഹനം ഉള്‍പ്പടെ കഴിഞ്ഞ ദിവസം കലക്‌ടറേറ്റ് കോമ്പൗണ്ടില്‍ നിന്ന് മാറ്റിയിരുന്നു. ജപ്‌തിയ്‌ക്ക് താത്കാലിക സ്റ്റേ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വീണ്ടും പൊതുമരാമത്ത് വകുപ്പിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ജില്ല ഭരണകൂടം.
സംസ്ഥാനത്ത് ജപ്‌തി നടപടി നേരത്തേയും : കഴിഞ്ഞ നവംബറില്‍ എറണാകുളം ഡെപ്യൂട്ടി കലക്‌ടറുടെ വാഹനം ജപ്‌തി ചെയ്‌തതിന് പിന്നാലെയാണ് പത്തനംതിട്ടയിലും സമാനമായ സാഹചര്യം ഉണ്ടായിരിക്കുന്നത്. എറണാകുളം ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ ഉഷ ബിന്ദുമോളുടെ വാഹനമാണ് നേരത്തെ കോടതി ജപ്‌തി ചെയ്‌തത്. പ്രളയത്തില്‍ വീട് നഷ്‌ടപ്പെട്ടയാള്‍ക്ക് അനുവദിച്ച ദുരിതാശ്വാസ സഹായ തുക നല്‍കാതിരുന്നതിനെ തുടര്‍ന്നായിരുന്നു നടപടി.
മുന്‍സിഫ് കോടതിയാണ് ജപ്‌തിയ്‌ക്ക് ഉത്തരവിട്ടത്. കടമക്കുടി സ്വദേശിയായ സാജുവിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. പ്രളയത്തില്‍ വിണ്ടുകീറി വാസയോഗ്യമല്ലാതായ വീട്ടില്‍ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. നാശനഷ്‌ടങ്ങളുടെ കണക്കെടുത്ത് മടങ്ങിയ സംഘത്തില്‍ നിന്ന് വേണ്ടവിധത്തിലുള്ള ധനസഹായം ലഭിച്ചില്ല.
സഹായത്തുകയുടെ ആദ്യ ഗഡുവായി വെറും 10,000 രൂപ മാത്രമായിരുന്നു ലഭിച്ചത്. നാശ നഷ്‌ടങ്ങളുടെ കണക്കനുസരിച്ച് ലഭിക്കേണ്ട തുക നല്‍കാനായി ദുരന്ത നിവാരണ വിഭാഗവും തയ്യാറായിരുന്നില്ല. പ്രളയത്തിന് ശേഷം കലൂരില്‍ നടന്ന അദാലത്തില്‍ സാജു പരാതി സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് നാശനഷ്‌ടങ്ങളുടെ കണക്ക് പരിശോധിച്ച ഉദ്യോഗസ്ഥര്‍ സഹായ ധനമായി രണ്ട് ലക്ഷത്തിലധികം രൂപ നല്‍കാന്‍ ഉത്തരവിട്ടു.
എന്നാല്‍ ഉദ്യോഗസ്ഥര്‍ ഉത്തരവ് പാലിക്കാത്തതിനെ തുടര്‍ന്ന് സാജു വീണ്ടും മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി പരിഗണിച്ച കോടതിയോട് പണമില്ലെന്നും ഫയല്‍ ഒപ്പിട്ട് ലഭിച്ചില്ലെന്നുമായിരുന്നു ഡെപ്യൂട്ടി കലക്‌ടറുടെ മറുപടി. വിഷയത്തില്‍ ഡെപ്യൂട്ടി കലക്‌ടറുടെ മറുപടി തൃപ്‌തികരമല്ലെന്ന് വിലയിരുത്തിയ കോടതി അദ്ദേഹത്തിന്‍റെ ഔദ്യോഗിക വാഹനം ജപ്‌തി ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.