പത്തനംതിട്ട: ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ജില്ലാ ഭരണകൂടം. ഇറ്റലിയിൽ നിന്നെത്തിയവരുമായി അടുത്ത ബന്ധം പുലർത്തിയവരെ കണ്ടുപിടിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ജില്ലാ കലക്‌ടർ പി.ബി നൂഹ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഏഴ് ഡോക്‌ടർമാരെ കൂടി ജില്ലയിലേക്ക് സഹായത്തിനായി വിളിച്ചിട്ടുണ്ട്.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കഴിയുന്ന രണ്ട് പേരുടെ സാമ്പിളുകളാണ് പോസിറ്റീവായത്. ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളുമായി നേരിട്ട് ഇടപഴകിയ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. ഇതോടെ പത്തനംതിട്ട ജില്ലയിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. നിലവിൽ 21 പേർ ആശുപത്രികളിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. 733 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.