പത്തനംതിട്ട : പാര്‍ട്ടി ഫണ്ട് നല്‍കാത്തതിന് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തിരുവല്ല മന്നംകരച്ചിറയിലുള്ള ഹോട്ടല്‍ അടിച്ചുതകര്‍ത്തതായി പരാതി. മന്നംകരച്ചിറ ജങ്ഷന് സമീപമുളള ശ്രീമുരുകന്‍ ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. കടയുടമകളായ ദമ്പതികളെ മര്‍ദിച്ചതായും ആരോപണം ഉയർന്നിട്ടുണ്ട്.
നെയ്യാറ്റിന്‍കര സ്വദേശികളായ മുരുകന്‍, ഭാര്യ ഉഷ എന്നിവർക്കാണ് മര്‍ദനമേറ്റത്. സിപിഐ മന്നംകരച്ചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്നാണ് ദമ്പതികളുടെ ആരോപണം. മെയ് 20ന് രാത്രി ഏഴുമണിയോടെയാണ് സംഭവം.
പാർട്ടി ഫണ്ടിലേക്ക് 500 രൂപ പിരിവ് ചോദിച്ചെന്നും എന്നാല്‍ ഇത്രയും തുക കൈവശമില്ലെന്നും മുരുകനോട് ചോദിച്ചിട്ട് നൽകാമെന്നും ഉഷ പറഞ്ഞു. ഇതേ തുടര്‍ന്ന് ഹോട്ടൽ അടിച്ചുതകർത്തുവെന്നാണ് ആരോപണം. കടയിലുണ്ടായിരുന്ന സാധന സാമഗ്രികളും സംഘം നശിപ്പിച്ചു.
മര്‍ദനത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ദമ്പതികള്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിയും കുഞ്ഞുമോനും കൂട്ടരും ഭീഷണിപ്പെടുത്തിയെന്നും ദമ്പതികള്‍ ആരോപിക്കുന്നു. തിരുവല്ല പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെന്നും എന്നാല്‍ പാർട്ടി സമ്മർദത്തെ തുടർന്ന് പരാതി പിൻവലിക്കുകയായിരുന്നുവെന്നുമാണ് ദമ്പതികള്‍ പറയുന്നത്.
എന്നാൽ മുരുകനും ഉഷയും തന്നെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിയ്ക്കുകയും ചെയ്‌തതിനെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നുവെന്നാണ് കുഞ്ഞുമോന്‍റെ പ്രതികരണം.