പത്തനംതിട്ട: പെരിങ്ങര പഞ്ചായത്തിലെ കാരയ്ക്കൽ - കൂരച്ചാൽ തോടിന് കുറുകെ കാളക്കടവ് ജംഗ്ഷനിലുള്ള കൈവരിയില്ലാത്ത പാലം അപകട ഭീഷണി ഉയർത്തുന്നു. രണ്ട് ഉരുക്ക് ഗർഡറുകൾക്ക് മീതെ കോൺക്രീറ്റ് ചെയ്‌ത അഞ്ചടി വീതി വരുന്ന പാലം 25 വർഷം മുമ്പാണ് നിർമിച്ചത്.
ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അടക്കം നിരവധി വാഹനങ്ങളാണ് ഈ പാലത്തിലൂടെ പ്രതിദിനം കടന്നുപോകുന്നത്. കൈവരി ഇല്ലാത്തത് മൂലം പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ തോട്ടിലേക്ക് മറിഞ്ഞ് നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. പാലത്തിന് കൈവരി സ്ഥാപിക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തിന് നേരെ ഗ്രാമ പഞ്ചായത്ത് ഉൾപ്പടെയുള്ള അധികൃതർ മുഖം തിരിക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.