പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് പന്തളം കൊട്ടാരം . പുനഃപരിശോധനാ ഹർജിയിൽ സുപ്രീംകോടതി വിധി വരാനിരിക്കെ ഭക്തരെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം നിർഭാഗ്യകരമെന്ന് കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാര വർമ്മ പറഞ്ഞു. ഭക്തരുടെ വികാരം കൂടി കണക്കിലെടുത്ത് സർക്കാർ നടപടി സ്വീകരിക്കുന്നതാണ് ഉചിതം. ശബരിമല വീണ്ടും ഒരു സംഘർഷ ഭൂമിയായി മാറരുതെന്നാണ് ആഗ്രഹമെന്നും ശശികുമാര വർമ്മ പറഞ്ഞു.
ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതില്‍ പന്തളം കൊട്ടാരം ശക്തമായ നിലപാടുകളോടെ മുന്നിൽ നിൽക്കും. ശബരിമലയുടെ പ്രാധാന്യം കുറക്കാനുള്ള ശ്രമങ്ങൾ ഉണ്ടെന്നും ശശികുമാരവർമ്മ ആരോപിച്ചു. വനം വകുപ്പ് ദേവസ്വം ബോർഡിനെ മുൾമുനയിലാക്കി ഭൂമിക്ക് മേൽ അവകാശ വാദം ഉന്നയിക്കുകയാണെന്നും അനാവശ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്നും ശശികുമാര വർമ്മ കുറ്റപ്പെടുത്തി.