പത്തനംതിട്ട: പഞ്ചമുഖി രുദ്രാക്ഷം പൂവിട്ടു കായ്ച്ചതിന്റെ സന്തോഷത്തിലാണ് പള്ളിക്കൽ ഗ്രാമം. നിത്യഹരിത വനങ്ങളിൽ വളരുന്ന രുദ്രാക്ഷ മരം വിത്തുല്‍പാദന കേന്ദ്രമായ പഴകുളം സോഷ്യൽ സർവീസ് സൊസൈറ്റി(പാസ്)യുടെ മുറ്റത്താണ് വളർന്നു പന്തലിച്ചത്. കായ്കളും പേറി നിൽക്കുന്ന പഞ്ചമുഖി രുദ്രാക്ഷ മരം നാട്ടുകാർക്ക് കൗതുക കാഴ്ചയാണ്.
നാല് വർഷമായി പൂവിട്ടു കായ്ക്കുമെങ്കിലും ഈ വർഷമാണ് പത്തു കിലോയോളം രുദ്രാക്ഷക്കായ് ലഭിച്ചതെന്നു പാസ്സ് പ്രസിഡന്റ് പി രാജു ഇ.ടി.വി. ഭാരതിനോട് പറഞ്ഞു. പതിനാല് വർഷം മുൻപ് സോഷ്യൽ ഫോറസ്റ്ററി പദ്ധതിയുടെ ഭാഗമായി ലഭിച്ചതാണ് രുദ്രാക്ഷ തൈ. ഇപ്പോൾ മരത്തിന് പത്തു മീറ്ററിലധികം ഉയരമുണ്ട്. ഒക്ടോബർ മാസത്തിൽ പൂവിട്ടു തുടങ്ങും. ജനുവരിയോടെ കായ്കൾ പാകമാകുമെന്നും പി. രാജു പറഞ്ഞു.
പൂക്കൾക്ക് വെള്ള നിറവും കായ്കൾക്ക് പച്ചനിറവുമാണ്. കായ്കൾ പാകമായി പഴുത്തു പൊഴിയുമ്പോൾ കടുംനീല നിറമാകും. മരത്തിൽ നിന്നും ശേഖരിച്ച കായ്കൾ മുളപ്പിച്ചു തൈകളാക്കി വിതരണം ചെയ്യുന്നുണ്ടെന്നും ക്ഷേത്രങ്ങൾക്ക് തൈകൾ നൽകി വരുന്നുണ്ടെന്നും പാസ് സെക്രട്ടറി വിശദീകരിച്ചു.
ഹിന്ദു പുരാണങ്ങളിൽ ഏറെ പ്രാധാന്യമുള്ള രുദ്രാക്ഷം ഔഷധം കൂടിയാണ്. മുപ്പത്തിയെട്ടിനം രുദ്രാക്ഷങ്ങൾ ഉണ്ട്. ഹിന്ദു വിശ്വാസങ്ങളിൽ ഏകമുഖി രുദ്രാക്ഷം ശിവനും പഞ്ചമുഖി രുദ്രാക്ഷം രുദ്രനുമാണെന്നാണ് സങ്കല്‍പം. രുദ്രാക്ഷ ദർശനം പുണ്യമെന്നും സ്പർശനം കോടി പുണ്യമെന്നും ധരിച്ചാൽ അനന്തപുണ്യമെന്നുമാണ് വിശ്വാസം.