പത്തനംതിട്ട : മകര വിളക്കിന്‍റെ തിരക്കൊഴിഞ്ഞ ശബരിമലയിലെ പതിനെട്ടാം പടിയിൽ പൂജ. വ്രതാനുഷ്‌ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി ഭക്തർ ദർശനത്തിനായി കയറുന്ന പവിത്രമായ പതിനെട്ടുപടികളിലും പട്ടും പൂക്കളും ദീപങ്ങളും അർപ്പിച്ചാണ് പടിപൂജ നടത്തിയത് (Padipooja in Sabarimala). ദീപ പ്രഭയിൽ ജ്വലിച്ച് പുഷ്‌പവൃഷ്‌ടിയിൽ സുഗന്ധം പരത്തിനിന്ന പതിനെട്ടുപടികളുടെ അപൂർവ കാഴ്‌ചയ്ക്കാണ് ബുധനാഴ്‌ച (ജനുവരി 17) അയ്യപ്പ ഭക്തർ സാക്ഷികളായത്. സന്ധ്യയിൽ സന്നിധാനത്ത് ആയിരങ്ങളാണ് ഈ അപൂർവ കാഴ്‌ച കാണാൻ എത്തിച്ചേർന്നത്.
ദീപാരാധനയ്ക്ക് ശേഷം തന്ത്രി മഹേഷ് മോഹനരുടെ കാർമ്മികത്വത്തിലും, മേൽശാന്തി പി.എൻ മഹേഷ് നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലുമാണ് ഒരു മണിക്കൂറോളം നീണ്ട പടി പൂജ നടന്നത് (Sabarimala updates). പൂജയുടെ തുടക്കത്തിൽ ആദ്യം പതിനെട്ടുപടികളും കഴുകി പട്ടുവിരിച്ചു. പട്ടിന്‍റെ ഇരുവശങ്ങളിലും വലിയ ഹാരങ്ങൾ കൊണ്ട് മനോഹരമായി അലങ്കരിച്ചു. ഇരുവശത്തുമായി ഓരോ നിലവിളക്ക് കത്തിച്ചുവച്ചു.
ഓരോ പടിയിലും (Pathinettam padi) നാളീകേരവും പൂജാസാധനങ്ങളും വച്ചു. പിന്നീട് ഓരോ പടികളിലും കുടികൊള്ളുന്ന മലദൈവങ്ങൾക്ക് പൂജ കഴിച്ചു. ഓരോ പടിയിലും ദേവ ചൈതന്യം ആവാഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ബുധനാഴ്‌ച വൈകിട്ട് നട തുറന്നപ്പോൾ ദർശനം നടത്തിയ സ്വാമി ഭക്തർ പടിപൂജ കാണാന്‍ കാത്തുനിന്നിരുന്നു.
ജനുവരി 15ന് (തിങ്കൾ) മകരവിളക്ക് കാണാൻ ആയിരങ്ങളാണ് ശബരിമലയിൽ എത്തിയത് (Sabarimala Makaravilakku 2024). തിരുവാഭരണങ്ങൾ അണിഞ്ഞുള്ള അയ്യപ്പന്‍റെ ദർശന പുണ്യത്തിനായി സന്നിധാനത്തേക്ക് ഭക്തജന പ്രവാഹമായിരുന്നു. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ ഇന്ന് കൂടി ഭക്തർക്ക് കണ്ട് തൊഴുതുമടങ്ങാം.
Also read : അയ്യപ്പ ദർശനത്തിനായി കേന്ദ്രമന്ത്രി എൽ മുരുകൻ ശബരിമലയിൽ
അയ്യപ്പ ദർശനത്തിനായി ഇന്നലെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ ശബരിമലയിൽ എത്തിയിരുന്നു. രാവിലെ 9 മണിക്കാണ് അദ്ദേഹം ദർശനം നടത്തിയത്. മന്ത്രിക്കൊപ്പം 13 അംഗ സംഘവുമുണ്ടായിരുന്നു (Union Minister L Murugan Visits Sabarimala).