പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്ന റാന്നി പെരുനാട് ചമ്പാലൂര്‍ ചരിവുകാലായില്‍ അക്ഷയ അനൂപിന്‍റെ (20) ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം ഹൈക്കോടതി ക്രൈംബ്രാഞ്ചിനു വിട്ടു. പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിന് കേസ് കൈമാറാനും ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കാനും ജസ്റ്റിസ് എം.ആര്‍. അനിതയുടെ ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി പത്തിനാണ് അക്ഷയയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ALSO READ: കണ്ണൂരില്‍ വീണ്ടും റാഗിങ്; നാല് പേര്‍ അറസ്റ്റില്‍
മകളുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്തണമെന്നും നിലവിലെ അന്വേഷണം തൃപ്‌തികരമല്ലെന്നും ചൂണ്ടിക്കാട്ടി അക്ഷയയുടെ അമ്മ ആശ നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്.
രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണത്തില്‍ വീഴ്ചവരുത്തുന്നതെന്നും പോസ്റ്റുമോര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തണമെന്ന ആവശ്യം നിരസിച്ചിരിന്നതായും പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടോയെന്ന് ഡോക്ടര്‍ പരിശോധിച്ചില്ലെന്നും ആരോപിച്ചാണ് അഭിഭാഷകൻ മുഖേന മാതാവ് കോടതിയെ സമീപിച്ചത്.