പത്തനംതിട്ട: പുതിയ കൊവിഡ് കേസുകളൊന്നും സ്ഥിരീകരിക്കാത്തത് ജില്ലക്ക് ആശ്വാസമായി. നിലവില്‍ 17 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. പുതുതായി നാല് പേരെ വ്യാഴാഴ്‌ച ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 22 പ്രൈമറി കോണ്‍ടാക്ടുകളെയും 60 സെക്കന്‍ഡറി കോണ്‍ടാക്ടുകളെയും പുതുതായി കണ്ടെത്തി. നിരീക്ഷണത്തിലുണ്ടായിരുന്ന 71 പേര്‍ ആശുപത്രി വിട്ടു.
398 പ്രൈമറി കോണ്‍ടാക്ടുകളും 89 സെക്കന്‍ഡറി കോണ്‍ടാക്ടുകളും വിദേശത്തു നിന്നും തിരിച്ചെത്തിയ 4,027 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2,500 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. ആകെ 399 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുള്ളത്. ഇതില്‍ 12 എണ്ണം പൊസിറ്റീവായും 228 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്.
അതേസമയം മുന്‍കരുതലിന്‍റെ ഭാഗമായി വിവിധ പഞ്ചായത്തുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടിന് മുന്നില്‍ സ്റ്റിക്കര്‍ പതിച്ചു തുടങ്ങി. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളുടെ ലംഘനങ്ങള്‍ക്ക് 382 പേരെ അറസ്റ്റ് ചെയ്തു. 250 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ അറിയിച്ചു.