പത്തനംതിട്ട : ജില്ലയിലെ കക്കി -ആനത്തോട് ഡാം തുറന്നതിൽ ആശങ്കയുടെ കാര്യമില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജില്ലയിലെ പ്രളയ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡാം തുറക്കുന്നതിന് മുന്നോടിയായി ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി എഡിജിപി വിജയ് സാക്കറെയെ നിയമിച്ചു
വിവിധ വകുപ്പുകളെ എകോപിപ്പിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. എയർ ലിഫ്റ്റിംഗ് ടീമിനെ ആവശ്യമെങ്കിൽ എത്തിക്കാൻ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ ശബരിമല തീർഥാടനം അനുവദിക്കാനാവാത്ത സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.
അവലോകന യോഗത്തിന് ശേഷം ജില്ലയിലെ ദുരിത ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും ആരോഗ്യമന്ത്രി വീണ ജോർജ്, ജില്ല കലക്ടർ ഡോ ദിവ്യ എസ് അയ്യർ എന്നിവർക്കൊപ്പം മന്ത്രി സന്ദർശിച്ചു.