പത്തനംതിട്ട: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു. വൈകുന്നേരം ഏഴ് മുതൽ രാവിലെ ആറ് വരെയാണ് നിരോധനം. ഞായറാഴ്‌ചയും തിങ്കളാഴ്‌ചയും തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാര യാത്രകൾ എന്നിവയും നിരോധിച്ച് കലക്‌ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവിറക്കി.
അതേ സമയം കൊവിഡ്, ദുരന്ത നിവാരണം, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ നിരോധനത്തിൽ നിന്ന് ഒഴിവാക്കി. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പരമാവധി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ല കലക്‌ടർ അറിയിച്ചു.
ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം 18 വരെ നിരോധിച്ചു
മഴ തുടരുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനങ്ങളും 18 വരെ നിരോധിച്ചു. മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കും.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ വില്ലേജ് ഓഫീസുകളും തദ്ദേശ സ്ഥാപന ഓഫീസുകളും അവധി ദിവസമായ ഞായറാഴ്‌ച തുറന്നു പ്രവര്‍ത്തിക്കാന്‍ ജില്ല കലക്ടര്‍ ഉത്തരവിട്ടിരുന്നു.
READ MORE: പത്തനംതിട്ടയില്‍ അതീവ ജാഗ്രത നിർദേശം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നു