പത്തനംതിട്ട: തിരുവല്ല പാലിയേക്കരയിലെ കന്യാസ്‌ത്രീ മഠത്തിലെ കന്യാസ്‌ത്രീ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ പരാതിയെ തുടർന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാൻ ഉത്തരവിട്ടത്.
മെയ് ഏഴാം തീയതിയാണ് ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോണിനെ മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള പാലിയേക്കര ബസേലിയൻ കോൺവെന്‍റ് കെട്ടിടത്തിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപതിയിൽ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി ലഭ്യമായ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദിവ്യയുടേത് മുങ്ങിമരണമാണെന്ന നിഗമനത്തിലാണ് പൊലീസ് ഇപ്പോൾ. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനകളുടെ ഫലം വരാനിരിക്കെയാണ് കേസ് സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ടുള്ള പൊലീസ് മേധാവിയുടെ ഉത്തരവ്.