പത്തനംതിട്ട : മൈലപ്രയില്‍ കടക്കുള്ളില്‍ വ്യാപാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ കസ്റ്റഡിയില്‍. ഇവരെ വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്. ഒരു വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം നടന്ന് വരികയാണ് (Mylapra Murder Case).
വ്യാപാരിയുടേത് കൊലപാതകമാണെന്ന് പൊലീസ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തത്. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. മോഷണ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കേസില്‍ അന്വേഷണം ഊര്‍ജിതമായി നടക്കുന്നതായി ജില്ല പൊലീസ് മേധാവി അജിത് പറഞ്ഞു (Three In Police Custody In Murder Case).
ഇക്കഴിഞ്ഞ ശനിയാഴ്‌ച (ഡിസംബര്‍ 30) വൈകിട്ട് ആറ് മണിയോടെയാണ് മൈലപ്രയിലെ കടക്കുള്ളില്‍ വ്യാപാരിയായ ജോര്‍ജ് ഉണ്ണൂണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോര്‍ജിന്‍റെ കഴുത്തില്‍ ഉണ്ടായിരുന്ന ഒന്‍പത് പവന്‍റെ മാലയും കടയിലുണ്ടായിരുന്ന പണവും മോഷണം പോയതായി പൊലീസ് കണ്ടെത്തി. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്‍റെ ലക്ഷണങ്ങളാണ് ജോര്‍ജിന്‍റെ ശരീരത്തില്‍ ഉള്ളതെന്ന് ജില്ല പൊലീസ് മേധാവി നേരത്തെ വ്യക്തമാക്കിയിരുന്നു (Murder In Pathanamthitta).
രണ്ട് മുണ്ടും ഒരു ഷര്‍ട്ടുമാണ് കഴുത്ത് ഞെരിക്കാന്‍ ഉപയോഗിച്ചത്. മൃതദേഹത്തില്‍ മറ്റ് മര്‍ദനമേറ്റതിന്‍റെ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. കവര്‍ച്ചക്കിടെ ജോര്‍ജ് ധരിച്ച മാലയുടെ ലോക്കറ്റ് സംഭവ സ്ഥലത്ത് നിന്നും ലഭിച്ചിട്ടുണ്ട്.
പ്രതികരണവുമായി മകന്‍ : ജോര്‍ജിന്‍റെ കഴുത്തില്‍ എട്ട് പവന്‍റെ മാലയും അതില്‍ ഒരു പവന്‍ വരുന്ന ലോക്കറ്റുമാണ് ഉണ്ടായിരുന്നതെന്ന് മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കടയില്‍ നിന്നും നഷ്‌ടപ്പെട്ട പണം എത്രയെന്നത് തനിക്ക് അറിയില്ല. ദിവസവും വൈകിട്ട് ആറ് മണിക്ക് കട അടക്കുന്ന പിതാവ് 6.30 ആകുമ്പോഴേക്കും വീട്ടില്‍ എത്താറുണ്ടെന്നും മകന്‍ പറഞ്ഞു.
സംഭവത്തിന് പിന്നാലെ പ്രതികള്‍ കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക്കുകളും കവര്‍ന്നു. എന്നാല്‍ പ്രതികളെ കുറിച്ച് സൂചന നല്‍കുന്ന ഏതാനും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് സൂചന. അതേസമയം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ബുധനാഴ്‌ചയാണ് (ജനുവരി 3) സംസ്‌കാരം (Kottayam Medical College).