പത്തനംതിട്ട: നിത്യഹരിത വനങ്ങളിൽ മാത്രം കാണപ്പെടുന്ന മൂട്ടി പത്തനംതിട്ട അങ്ങാടിക്കൽ പ്രസാദിന്‍റെ കൊടുമണ്ണിലെ ഫാമിലാണ് സമൃദ്ധമായി കായ്ച്ച് നിൽക്കുന്നത്. കൃഷിയോടുള്ള ഉള്ള ഇഷ്ടം കാരണം ആറ് ഏക്കറോളം വരുന്ന തന്‍റെ കൃഷിയിടത്തിൽ ഒരു ഫാം ടൂറിസ്റ്റ് കേന്ദ്രം എന്ന സ്വപ്നപദ്ധതി യാഥാർഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് പ്രസാദ്. നിരവധി പ്രത്യേകതകൾ നിറഞ്ഞ പ്രസാദിന്‍റെ കൃഷിയിടത്തിൽ വനത്തിൽ മാത്രം കണ്ടുവരുന്ന മൂട്ടി നിറയെ കായ്ച്ചു നിൽക്കുന്നത് ആരെയും അത്ഭുതപ്പെടുത്തും.
നാട്ടിൻപുറങ്ങളിൽ വേരുപിടിക്കാൻ ഏറെ പ്രയാസമുള്ള ഈ മരം അഞ്ചുവർഷം മുമ്പാണ് ഇവിടെ നട്ടുപിടിപ്പിച്ചത്. മൂന്നാം വർഷം കായ്ക്കാൻ തുടങ്ങി. കായ്കൾ മരത്തിൻ ചുവട്ടിൽ കായ്ക്കുന്നതിനാലാണ് ഇതിന് മൂട്ടിപ്പഴം എന്ന പേര് വന്നത്. മധുരവും പുളിയും കലര്‍ന്നതാണ് രുചി. കൂടുതൽ തൈകൾ ഉത്പാദിപ്പിച്ച് കൃഷി ചെയ്യാനും ആവശ്യക്കാർക്ക് വിതരണം ചെയ്യാനുമുള്ള ശ്രമത്തിലാണ് പ്രസാദ്. മലയോര മേഖലകളിൽ മാത്രം വളരുന്ന തേയിലയും സ്വന്തം ആവശ്യത്തിനായി ഇദ്ദേഹം നട്ടുവളർത്തിയിട്ടുണ്ട്.