പത്തനംതിട്ട: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായി റാന്നി താലൂക്കില്‍ നടത്തിയ മോക്ക്ഡ്രില്‍ അക്ഷരാര്‍ഥത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്‍റെ നേര്‍സാക്ഷ്യമായി. കൊവിഡ് പശ്ചാത്തലത്തില്‍ പി.പി.കിറ്റ്, ഗ്ലൗസ്, മാസ്‌ക്ക്, സാനിറ്റെസര്‍ തുടങ്ങിയവ ധരിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ ബി. രാധാകൃഷ്ണന്‍റെ നേതൃത്വത്തിലാണ് മോക്ക്ഡ്രില്‍ നടത്തിയത്. മോക്ക് ഡ്രില്ലിനായി രണ്ട് ആംബുലന്‍സ്, ഒരു സ്‌കൂള്‍ ബസ്, ഒരു ടിപ്പര്‍, ഒരു ഫയര്‍ ഫോഴ്‌സ് ടെന്‍ഡര്‍, സ്‌കൂബാ വാന്‍ തുടങ്ങിയവ ഉപയോഗിച്ചു. റാന്നി പൊലീസ് സ്‌റ്റേഷൻ എസ് എച്ച് ഒ കെ.എസ്. വിജയന്‍ ഇന്‍സിഡന്‍റ് കമാന്‍ഡറായി പ്രവര്‍ത്തിച്ചു. പത്തനംതിട്ട കൃഷി ഡെപ്യൂട്ടി ഡയറക്‌ടര്‍ ജോര്‍ജി കെ.വര്‍ഗീസ് നിരീക്ഷകനായിരുന്നു.
മോക്ക്ഡ്രിലിന് ശേഷം വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന അവലോകനം ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടറുടെ അധ്യക്ഷതയില്‍ നടന്നു. റാന്നി തഹസില്‍ദാര്‍ ജോണ്‍ പി.വര്‍ഗീസ്, റാന്നി എല്‍.ആര്‍. തഹസിദാര്‍ ഒ.കെ. ഷൈല, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ ബി.സുരേഷ്, പത്തനംതിട്ട ഫയര്‍ ആന്‍ഡ് സേഫ്റ്റി സ്‌റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാര്‍, റാന്നി ആര്‍.എം.ഒ ഡോ.അജാസ് ജമാല്‍ മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മോക്ക്ഡ്രില്ലില്‍ പങ്കെടുത്തു.