പത്തനംതിട്ട: പത്ത് വര്‍ഷം മുമ്പ് കാണാതായ യുവതിയെ പെരിന്തല്‍മണ്ണയില്‍ നിന്ന് പന്തളം പൊലീസ് കണ്ടെത്തി. തിരുവനന്തപുരം കള്ളിക്കാട് സ്വദേശിയായ സിമികുമാരിയെയാണ്(42) ഇന്നലെ(ഒക്‌ടോബര്‍ 19) പെരിന്തല്‍മണ്ണയിലെ വാടക വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഒന്‍പത് വര്‍ഷമായി ഹരിപ്പാട് സ്വദേശിയായ ഹന്‍സില്‍ എന്നയാള്‍ക്കൊപ്പം ഭാര്യഭര്‍ത്താക്കന്മാരായ കഴിഞ്ഞ യുവതി ഒരു വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയാണെന്നും പെരിന്തല്‍മണ്ണയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്‌ത് വരികയാണെന്നും പൊലീസിന് മൊഴി നല്‍കി.
ഇലന്തൂര്‍ നരബലി കേസിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിന്ന് കാണാതായവരെ കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി ഹന്‍സിലിനൊപ്പമുണ്ടെന്ന് പൊലീസ് സൂചന ലഭിച്ചത്. തുടര്‍ന്ന് പുനല്ലൂരിലെ ഹന്‍സിലിന്‍റെ വീട്ടിലെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ യുവതിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ മൊബൈല്‍ നമ്പര്‍ പൊലീസിന് ലഭിച്ചു.
മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ യുവതി പെരിന്തല്‍മണ്ണയിലുണ്ടെന്ന് കണ്ടെത്തി. 2012 മെയ് 6നാണ് തിരുവനന്തപുരം കള്ളിക്കാട് സ്വദേശിയായ ബാലന്‍റെ ഭാര്യയായ സിമിയേയും മൂത്ത മകളെയും വീട്ടില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് മെയ് 10ന് ബാലന്‍ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. പന്തളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്‌തിരുന്ന സിമി കൂടെ ജോലി ചെയ്‌ത ഹന്‍സിലിനൊപ്പം പോയി ജീവിക്കുകയും ഇസ്‌ലാം മതം സ്വീകരിച്ച് സാനിയ എന്ന പേര് സ്വീകരിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും വേര്‍ പിരിഞ്ഞ് തനിച്ചാണ് കഴിഞ്ഞിരുന്നത്. ആദ്യ ഭര്‍ത്താവിലുള്ള മകളുമായാണ് സിമി ഹന്‍സിലിനൊപ്പം പോയത്. സിമിയും മകളും തനിച്ചാണ് ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ വാടക വീട്ടില്‍ കഴിയുന്നത്. പൊലീസ് ഇന്‍സ്‌പെക്‌ടര്‍ എസ്.ശ്രീകുമാര്‍, എസ്ഐ കെ.ഷിജു എന്നിവരടുങ്ങുന്ന സംഘമാണ് യുവതിയെ കണ്ടെത്തിയത്.