പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്ന 'അതി ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി' നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്ത് വലിയ സാമൂഹിക മുന്നേറ്റം ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടന്ന 74-ാമത് റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ ഭരണഘടന ഉറപ്പ് തരുന്ന സമത്വം പൂര്‍ണ തോതില്‍ നടപ്പാകണമെങ്കില്‍ ഇനിയും സാമൂഹിക സാമ്പത്തിക അസമത്വങ്ങള്‍ ഇല്ലാതാകേണ്ടതുണ്ട്. ഇതിനായി ഓരോ മേഖലയിലും സൂക്ഷ്‌മ തല ഇടപെടലുകള്‍ സാധ്യമാക്കുന്നതിന് സേവന അവസര അവകാശങ്ങള്‍ എല്ലാവര്‍ക്കും ഉറപ്പാക്കുന്നതിനായാണ് സംസ്ഥാന സര്‍ക്കാര്‍ അതി ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അതി ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി : എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും യോജിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ അതി ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‍റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടണം എന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പത്തനംതിട്ട ജില്ലയില്‍ അതി ദാരിദ്ര്യ നിര്‍മാര്‍ജന സര്‍വേ പ്രകാരം 2579 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ 2,579 കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായിട്ടുള്ള പിന്നോക്കാവസ്ഥ മാറ്റുന്നതിന് വേണ്ടിയുള്ള തീവ്രമായ ശ്രമങ്ങള്‍ ആവിഷ്‌കരിച്ചാണ് മുന്നോട്ടുപോകുന്നത്.
സര്‍ക്കാര്‍ വകുപ്പുകളും ജില്ല പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളും ജില്ല ഭരണകൂടവും ജനപ്രതിനിധികളും പൊതുസമൂഹവും ഒരുമിച്ച് ഈ സാമൂഹിക മുന്നേറ്റത്തിന് വേണ്ടി പരിശ്രമിക്കുകയാണ്. ഈ അവസരത്തില്‍ പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് കാരണക്കാരനായ കെ കെ നായരെ ഓര്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഭരണഘടനയും ജനാധിപത്യവും : രാജ്യത്തിന്‍റെ പരമമായ നിയമവും എല്ലാ നിയമ നിര്‍മാണങ്ങളുടെ അടിസ്ഥാനവും പരമാധികാരത്തിന്‍റെ അടിത്തറയും ഭരണഘടനയാണ്. ഭരണഘടനാപരമായ ധാര്‍മികതയാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്‍റെ ഊര്‍ജം. നാനാത്വത്തില്‍ ഏകത്വത്തോടെയുള്ള സഹവര്‍ത്തിത്വവും ബഹുസ്വരതയോടെയുള്ള ബഹുമാനവും ആശയങ്ങളോടും ആവിഷ്‌ക്കാരങ്ങളോടുമുള്ള സഹിഷ്‌ണുതയും ഭരണഘടനാപരമായ ധാര്‍മികതയുടെ മുഖമുദ്രകളാണ്.
ഭരണഘടനാപരമായ ധാര്‍മികതയില്‍ സത്യത്തിന്‍റെ സംരക്ഷണവും ഉള്‍പ്പെടുന്നു. സത്യത്തിന്‍റെ അടിച്ചമര്‍ത്തലുകളും നിഷേധങ്ങളും ആവിഷ്‌കാരങ്ങളുടെ തടസപ്പെടുത്തലുകളും രാജ്യത്തിന്‍റെ ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല. സത്യത്തെ മൂടി വയ്ക്കാനുള്ള അസത്യ പ്രചാരണങ്ങളും വളരെ ഗൗരവത്തോടുകൂടി നാം കാണേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സോഷ്യല്‍ സൈലന്‍സിങ്ങിലൂടെ സമൂഹത്തെ നിശബ്‌ദമാക്കാനുള്ള ശ്രമങ്ങള്‍ ചില ഇടങ്ങളില്‍ നിന്നെങ്കിലും ഉണ്ടാകുന്നുണ്ട് എന്നുള്ളതും വളരെ ഗൗരവമുള്ള കാര്യമാണ്. ഇന്ത്യയുടെ ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമായി അത് കണക്കാക്കേണ്ടി വരും. 'ജനാധിപത്യം ഒരു സര്‍ക്കാരിന്‍റെ കേവല രൂപം മാത്രമല്ല. അത് സഹവര്‍ത്തിത്വത്തിന്‍റെയും സംയോജിത ആശയവിനിമയ അടിത്തറയില്‍ അധിഷ്‌ഠിതമായ സാമൂഹിക ജീവിതത്തിന്‍റെയും അനുഭവമാണ്. അത് പരമമായി സഹജീവികളോടുള്ള ആദരവിന്‍റെയും ബഹുമാനത്തിന്‍റെയും മനോഭാവമാണ്' ഈ വാക്കുകള്‍ ഭരണഘടന ശില്‍പിയായ ഡോ. ബി ആര്‍ അംബേദ്‌കറിന്‍റേതാണ്. ഡോ.ബി ആര്‍ അംബേദ്‌കര്‍ ഉള്‍പ്പടെയുള്ള ഭരണഘടന ശില്‍പികളെ ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്ക് ആദരവോടെ ഓര്‍ക്കാം.
രാഷ്‌ട്ര പിതാവ് ഗാന്ധിജി, സ്വാതന്ത്ര്യസമര സേനാനികള്‍, രാജ്യത്തിന്‍റെ അഖണ്ഡതയും ഐക്യവും കാത്തുസംരക്ഷിക്കുന്നതിനും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നതിനും വേണ്ടി ജീവന്‍ വെടിയേണ്ടി വന്ന സൈനികര്‍ വിവിധ സേനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി എല്ലാവരേയും ഈ ദിവസത്തില്‍ ഏറ്റവും ബഹുമാനത്തോടെ നമുക്ക് ഓര്‍ക്കാം - മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ ഫെഡറലിസം : രാജ്യത്തിന്‍റെ പരമാധികാരം സംരക്ഷിക്കേണ്ടത് ഭരണഘടനയുടെ സംരക്ഷണത്തിലൂടെയാണ്. സ്വതന്ത്രവും സുതാര്യവും കുറ്റമറ്റതുമായ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ജനങ്ങളുടെ പരമാധികാരം ഉറപ്പാക്കപ്പെടുമ്പോള്‍ അതിന് കരുത്ത് പകരുന്നത് ഇന്ത്യയുടെ ഫെഡറലിസമാണ്. സുശക്തമായ കേന്ദ്രവും സംതൃപ്‌തമായ സംസ്ഥാനങ്ങളുമാണ് ഇന്ത്യന്‍ ഫെഡറലിസത്തിന്‍റെ സൗന്ദര്യം.
സാമ്പത്തിക ഫെഡറലിസത്തിന് എതിരെയുള്ള കടന്നുകയറ്റം, സംസ്ഥാനങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റം എന്നിവ ഉണ്ടാകുമ്പോള്‍ ധ്വംസിക്കപ്പെടുന്നത് ഭരണഘടനയുടെ മൂല്യങ്ങളാണ്. സഭകളുടെ നിയമ നിര്‍മാണ അധികാരത്തെ ചോദ്യം ചെയ്യുന്ന നടപടികളും അതില്ലാതെ ആക്കാനുള്ള ശ്രമങ്ങളും ഭരണഘടന തത്വങ്ങളെ ചോദ്യം ചെയ്യുന്നതിനും അട്ടിമറിക്കുന്നതിനും തുല്യമാണ് എന്നുള്ളതും കരുതേണ്ടതാണ്.
കേരളം ഒന്നാമത് : ക്രമസമാധാന പാലനത്തിലും സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നതിലും രാജ്യത്ത് നമ്മുടെ സംസ്ഥാനം ഒന്നാമതാണെന്ന് ഈ കാലഘട്ടത്തില്‍ കേരളത്തിന് ലഭിച്ച പുരസ്‌കാരങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം കേരളമാണ്. ഈ അടുത്തിടെ ഇതിനുള്ള ദേശീയ പുരസ്‌കാരവും നമുക്ക് ലഭിച്ചിരുന്നു.
നിതി ആയോഗിന്‍റെ സുസ്ഥിര വികസന സൂചികയില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ കേരളത്തിന്‍റെ ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങള്‍ ഒന്നാം സ്ഥാനത്താണ് നിലകൊള്ളുന്നത്. വ്യവസായിക - ടൂറിസം മേഖലകളിലെ മുന്നേറ്റവും ദേശീയ തലത്തില്‍ ഈ ഘട്ടത്തില്‍ അംഗീകരിക്കപ്പെട്ടു എന്നുള്ളത് അഭിമാനകരമായിട്ടുള്ള കാര്യമാണ്. സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് ആക്കം കൂട്ടുന്നതും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വളരെ പ്രധാനപ്പെട്ടതാണ് ആരോഗ്യം.
കൊവിഡിനെതിരെ നമ്മുടെ പൊതുജാഗ്രത തുടരുകയാണ്. അതോടൊപ്പം തന്നെ വര്‍ധിച്ചുവരുന്ന ജന്തുജന്യരോഗങ്ങളുടെ വെല്ലുവിളികള്‍ നേരിടുന്നതിന് ശാസ്‌ത്രീയ മാര്‍ഗങ്ങളിലൂടെ സംസ്ഥാനത്തെ സജ്ജമാക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഏകാരോഗ്യം എന്ന ആശയത്തില്‍ അധിഷ്‌ഠിതമായ കേരളത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇതിനായിട്ടുള്ളതാണ്.
പൊതുജന പങ്കാളിത്തത്തോടെ സമഗ്രവും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുന്നതിനും സമാധാനത്തോടെയും സൗഹാര്‍ദത്തോടെയുമുള്ള സഹവര്‍ത്തിത്വം ഉറപ്പാക്കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സത്യവും നീതിയും ഭരണഘടന മൂല്യങ്ങളും സംരക്ഷിക്കുവാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ടെന്നും മന്ത്രി പറഞ്ഞു. ആന്‍റോ ആന്‍റണി എംപി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍, ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍, എഡിഎം ബി. രാധാകൃഷ്‌ണന്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് കെ. അനില്‍ കുമാര്‍, പത്തനംതിട്ട നഗരസഭ കൗണ്‍സിലര്‍മാര്‍, പൊലീസ്, റവന്യൂ ഉള്‍പ്പടെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.