പത്തനംതിട്ട : മഹാപ്രളയവും മഹാമാരിയും കാരണം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കിയതിനാല്‍ ഇക്കുറി കൂടുതല്‍ തീര്‍ഥാടകര്‍ ശബരിമലയില്‍ എത്തുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്‌ണന്‍. ഭക്തരെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞുവെന്നും ഇത് കുറച്ചുകൂടി ഫലപ്രദമാക്കുന്നതിനുള്ള തീരുമാനങ്ങള്‍ യോഗം കൈക്കൊണ്ടതായും മന്ത്രി അറിയിച്ചു. വിവിധ വകുപ്പ് മേധാവികളുമായി ശബരിമല ദേവസ്വം ഗസ്റ്റ് ഹൗസില്‍ നടത്തിയ ആലോചനായോഗശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്‍വര്‍ഷങ്ങളില്‍ അടഞ്ഞുകിടന്ന കാനന പാതകള്‍ ഇക്കുറി ഭക്തര്‍ക്ക് തുറന്നുനല്‍കിയിട്ടുണ്ട്. പുല്ലുമേടുവഴി വരുന്നവര്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പും എരുമേലി വഴി വരുന്നവര്‍ വൈകിട്ട് നാലിന് മുമ്പും കാനനപാതയില്‍ പ്രവേശിക്കേണ്ടതാണ്. ഈ വഴികളിലുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഏറെക്കാലമായി അടഞ്ഞുകിടന്നതിനാല്‍ വന്യജീവികളുടെ ഇടപെടലുകള്‍ കുടുതലായി ഉണ്ടാകുന്ന പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാമ്പുകളുടെ സാന്നിധ്യം ഇക്കുറി കൂടുതല്‍ ഉണ്ടാവും.
സന്നിധാനത്തുപോലും പാമ്പുകള്‍ എത്തുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് അടിയന്തര ഇടപെടലുകള്‍ക്കും, അവശ്യസാഹചര്യങ്ങളില്‍ അടിയന്തര ചികിത്സയ്ക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്.
ശക്തമായ ആരോഗ്യ സുരക്ഷ : ശബരിമലയില്‍ ഇക്കുറി ഒന്‍പത് വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നേതൃത്വത്തിലാണ് അലോപ്പതി വിഭാഗം പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ ചികിത്സാകേന്ദ്രങ്ങളും പാരാമെഡിക്കല്‍ സ്റ്റാഫുകളും മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. സന്നിധാനത്ത് മിനി ഓപ്പറേഷന്‍ പോലും സാധ്യമാണ്. ആയുര്‍വേദ, ഹോമിയോ വകുപ്പുകളും നേരത്തേതന്നെ തങ്ങളുടെ ചികിത്സാ വിഭാഗങ്ങളെ സജ്ജരാക്കിക്കഴിഞ്ഞു.
സേവനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് വിവിധ സേനകള്‍ : പൊലീസ്, ഫയര്‍ഫോഴ്‌സ്, വനം വകുപ്പ് എന്നിവ സേവന തത്പരരായി രംഗത്തുണ്ട്. ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധം ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ശബരിമലയില്‍ എത്തുന്ന ഭക്തരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നതിനാല്‍ സേവനത്തില്‍ വീഴ്‌ചകള്‍ ഉണ്ടാകാതെ നോക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലഹരി വസ്‌തുക്കളുടെ ലഭ്യത ഉണ്ടാവാതെ നോക്കാന്‍ ആവശ്യമായ പരിശോധനകള്‍ കുടുതല്‍ ശക്തമാക്കാന്‍ എക്സൈസ് വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെള്ളവും വെളിച്ചവും ഉറപ്പാക്കുന്നു : കുടിവെള്ളത്തിന്‍റെയും വൈദ്യുതിയുടെയും ലഭ്യത വരും നാളുകളില്‍ കൂടുതല്‍ ഒരുക്കേണ്ടിവരും. ഇതിനുള്ള മുന്നൊരുക്കം നടത്താന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിട്ടുണ്ട്. സന്നിധാനത്തേക്കുള്ള വഴികളില്‍ കുടുതല്‍ ഭാഗങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കേണ്ടതുണ്ട്.
സന്നിധാനത്ത് 24 മണിക്കൂര്‍ തടസമില്ലാതെ ജലം ലഭ്യമാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജല അതോറിറ്റിയോട് നിര്‍ദേശിച്ചു. പാതകളില്‍ കൂടുതല്‍ പ്രദേശത്ത് വെളിച്ചവിതാനം ഉറപ്പാക്കാന്‍ കെ.എസ്.ഇ.ബിയോടും നിര്‍ദേശിച്ചിട്ടുണ്ട്. ഭക്തരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇത് ആവശ്യമാണ്.
ശുദ്ധിയിലും ശ്രദ്ധ : കൂടുതല്‍ ഭക്തരെത്തുമെന്നതിനാല്‍ പുണ്യം പൂങ്കാവനം പദ്ധതി കൂടുതല്‍ ശ്രദ്ധയോടെ നടപ്പാക്കണം. ഭക്തര്‍ക്ക് പ്രാഥമിക കര്‍മങ്ങള്‍ക്ക് ആവശ്യമായ സൗകര്യം കൂടുതലായി ഒരുക്കണം. ഇതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പാതയോരങ്ങളില്‍ ഭക്തര്‍ പ്രാഥമിക കര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കുന്ന സാഹചര്യം പൂര്‍ണമായും അവസാനിപ്പിക്കാന്‍ കഴിയണം. സന്നദ്ധസംഘടനകളുടെ സഹായത്തോടെ ശുചിത്വമിഷന്‍ ഇക്കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ പ്രദേശങ്ങളില്‍ ഡസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. കൃത്യമായ സമയങ്ങളില്‍ ഇവ നീക്കം ചെയ്യണം.
സഹായത്തിന് മറ്റ് ദേവസ്വം ബോര്‍ഡുകളും : അയ്യപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സഹായമൊരുക്കാന്‍ മറ്റ് ബോര്‍ഡുകളോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ഥിച്ചു. ഇതിന് അവര്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. മറ്റ് ദേവസ്വം ബോര്‍ഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളോട് ചേര്‍ന്ന് അയ്യപ്പഭക്തര്‍ക്കായി ഇടത്താവളം ഒരുക്കും. ഇവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും സഹായങ്ങളും നിര്‍ദേശങ്ങളും ലഭ്യമാക്കും.
അരവണയും അപ്പവും തയ്യാര്‍ : ഭക്തര്‍ക്ക് വിതരണം ചെയ്യാനായി അരവണ പായസം 16 ലക്ഷം കണ്ടെയ്‌നറുകളില്‍ നിറച്ച് തയാറാക്കിയിട്ടുണ്ട്. ഒരു ലക്ഷം കണ്ടെയ്നറുകളില്‍ നിറയ്ക്കുന്നതിനുള്ള പായസം തയാറായിട്ടുണ്ട്. പ്രതിദിനം 1.75 ലക്ഷം കണ്ടെയ്‌നര്‍ പായസമാണ് തയാറാക്കുന്നത്.
അപ്പം വിതരണത്തിനും കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ട് ലക്ഷം പായ്ക്കറ്റ് അപ്പം വിതരണത്തിന് ലഭ്യമാക്കിയിട്ടുണ്ട്. 1.5 ലക്ഷം അപ്പം പായ്ക്കറ്റുകളിലേക്ക് നിറയ്ക്കാനുണ്ട്.
ഭക്തര്‍ക്ക് സൗജന്യ ഭക്ഷണം : ദേവസ്വം ബോര്‍ഡിന്‍റെ അന്നദാന മണ്ഡപത്തില്‍ മൂന്നുനേരം അയ്യപ്പഭക്തര്‍ക്ക് സൗജന്യമായി ഭക്ഷണം ലഭിക്കും. രാവിലെ 7 മുതല്‍ 11 വരെ ഉപ്പുമാവും കടലക്കറിയും ചുക്കു കാപ്പിയും 12.30 മുതല്‍ വൈകിട്ട് മൂന്നര വരെ ഉച്ചഭക്ഷണവും വൈകിട്ട് 7 മുതല്‍ കഞ്ഞിയും ലഭിക്കും. ഒരേ സമയം 5000 പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ കഴിയുന്നതാണ് ദേവസ്വം അന്നദാന മണ്ഡപം
ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. അനന്തഗോപന്‍, എംഎല്‍എമാരായ അഡ്വ. കെ.യു. ജനീഷ്, അഡ്വ. പ്രമോദ് നാരായണ്‍, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ്, ദേവസ്വം സെക്രട്ടറി കെ. ബിജു, എഡിജിപി എംആര്‍ അജിത് കുമാര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ആര്‍. അജിത് കുമാര്‍, ശബരിമല എക്‌സിക്യുട്ടീവ് ഓഫിസര്‍ എച്ച്. കൃഷ്‌ണകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.