പത്തനംതിട്ട: ലോക് ഡൗൺ ലംഘിച്ച് എംസി റോഡിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. പത്തനംതിട്ട ജില്ലയിലെ ഏനാത്ത് പാലം ജങ്‌ഷനിൽ രാത്രി എട്ട് മണിയോടെയായിരുന്നു കൊൽക്കത്ത സ്വദേശി ഹമീദുലിന്‍റെ നേതൃത്വത്തിൽ നാല്‍പതോളം അതിഥി തൊഴിലാളികൾ ഭക്ഷണം കിട്ടുന്നില്ലെന്ന ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഏനാത്ത് പൊലീസും ആരോഗ്യപ്രവർത്തകരും തൊഴിലാളികളുടെ താമസസ്ഥലത്ത് പരിശോധന നടത്തിയപ്പോൾ ഭക്ഷ്യധാന്യങ്ങൾ കണ്ടെത്തി. പിന്നീട് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു.
ഏനാത്ത് ഇൻസ്പെക്‌ടർ എസ്.ജയകുമാറിന്‍റെ നേതൃത്വത്തിലാണ് അതിഥി തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളെത്തിച്ച് കൊടുക്കുന്നത്. ഈ ധാന്യങ്ങൾ കഴിഞ്ഞ ദിവസം സമീപവാസികൾക്ക് മറിച്ചുവിറ്റതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതിയുമായി ഇവർ രംഗത്തെത്തിയത്. ഭക്ഷണം കിട്ടുന്നില്ലെന്ന് തൊഴിലാളികൾ വെസ്റ്റ് ബംഗാൾ ചീഫ് സെക്രട്ടറിയെ വിളിച്ചറിയിക്കുകയും വെസ്റ്റ് ബംഗാൾ ചീഫ് സെക്രട്ടറി ലേബർ കമ്മീഷൻ കോൾ സെന്‍ററിൽ വിവരങ്ങൾ അറിയിച്ചതായി അടൂർ ലേബർ ഓഫീസർ ലക്ഷ്‌മി മാധ്യമങ്ങളോട് പറഞ്ഞു. അതിഥി തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നവർ ആവശ്യമായ ഭക്ഷണമെത്തിക്കണമെന്ന സർക്കാർ നിർദേശം പാലിക്കാത്ത ചിലരാണ് തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിടുന്നതെന്നും ഇത്തരത്തിലുള്ള കെട്ടിട ഉടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.