പത്തനംതിട്ട: കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ശബരിമല ഹബില്‍ തീർഥാടകർക്ക് പ്രാഥമിക ചികിത്സയ്ക്ക് മെഡിക്കല്‍ എയ്ഡ് പോസ്റ്റ് സൗകര്യം ശനിയാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ പ്രധാന വാതിലിന് സമീപത്തായാണ് മെഡിക്കല്‍ എയ്ഡ് പോസ്റ്റിന് മുറി അനുവദിച്ചിരിക്കുന്നത്.
ഇ.എം.എസ് സഹകരണ ആശുപത്രിയുടെ സഹകരണത്തോടെയാണ് എയിഡ് പോസ്റ്റ് പ്രവർത്തിക്കുക. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ എയ്ഡ് പോസ്റ്റില്‍ ഒരേ സമയം രണ്ട് നഴ്സുമാരുടെ സേവനം ഉണ്ടാകുമെന്ന് ആശുപത്രി ചെയര്‍മാന്‍ പ്രൊഫ. ടി.കെ.ജി നായര്‍ പറഞ്ഞു.
Also Read: Sabarimala; ശബരിമലയില്‍ ഇന്നത്തെ ചടങ്ങുകള്‍
രക്തസമ്മര്‍ദ്ദം, ഷുഗര്‍ തുടങ്ങിയവ പരിശോധിക്കുന്നതിന് സംവിധാനവും ആംബുലന്‍സ് സര്‍വീസുമുണ്ടാകും. താല്‍ക്കാലിക വിശ്രമ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദമായ പരിശോധന ആവശ്യമുള്ളവരെ ആംബുലന്‍സില്‍ ഏറ്റവും അടുത്ത ആശുപത്രിയിലെത്തിക്കാനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.