പത്തനംതിട്ട : മണ്ഡല മകരവിളക്ക് തീർഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും (Sabarimala temple will open today). ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്‌ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. വൃശ്ചികം ഒന്നായ നാളെ (നവംബർ 17) മുതലാണ് ശബരിമലയില്‍ മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കുന്നത്.
ഇന്ന് വൈകിട്ട് തന്നെ മാളികപ്പുറം നടയും തുറക്കും. മാളികപ്പുറം മേല്‍ശാന്തി വി ഹരിഹരൻ നമ്പൂതിരി താക്കോല്‍ ഏറ്റുവാങ്ങി അവിടുത്തെ നട തുറന്നതിന് ശേഷം ശബരിമല മേല്‍ശാന്തി, ശ്രീകോവിലില്‍ നിന്നുള്ള ദീപവുമായി താഴെ തിരുമുറ്റത്തെത്തി ആഴി ജ്വലിപ്പിക്കും. നിയുക്ത ശബരിമല മേല്‍ശാന്തി പി എൻ മഹേഷ് നമ്പൂതിരി, നിയുക്ത മാളികപ്പുറം മേല്‍ശാന്തി പി ജി മുരളി എന്നിവരെ സന്നിധാനത്തേക്ക് ആനയിക്കും.
ഇതിന് ശേഷം ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കും. ദീപാരാധനയ്ക്ക് ശേഷം പുതിയ മേല്‍ശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും. വൃശ്ചികം ഒന്നായ നാളെ പുലര്‍ച്ചെ നാലിന് പുതിയ മേല്‍ശാന്തിമാര്‍ നട തുറക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ നാലിന് തുറക്കുന്ന നട, ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകീട്ട് നാലിന് വീണ്ടും തുറന്നശേഷം രാത്രി 11ന് അടയ്ക്കും.
Also Read: ഭക്തിസാന്ദ്രം മണ്ഡലകാലം, സജ്ജമായി ശബരിമല; അയ്യപ്പന്‍മാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കി ജില്ല ഭരണകൂടം
'എല്ലാ ഒരുക്കങ്ങളും പൂർത്തിയായി': സുരക്ഷിത തീര്‍ഥാടനത്തിനായി ശബരിമലയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് (Shaik Darvesh Saheb) അറിയിച്ചിരുന്നു. തീര്‍ഥാടനത്തിന്‍റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പമ്പയില്‍ യോഗം ചേര്‍ന്നിരുന്നു. ആറ് ഘട്ടങ്ങളിലായി 13,000 പൊലീസുകാര്‍ തീര്‍ഥാടന കാലയളവില്‍ ഡ്യൂട്ടിയിലുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദര്‍ശനത്തിന് പ്രത്യേക സൗകര്യം ഒരുക്കുമെന്നും വാഹനങ്ങളില്‍ അലങ്കാരങ്ങള്‍ ഉപയോഗിക്കരുതെന്നും സന്നിധാനം (Sannidhanam), നിലയ്ക്കല്‍, വടശേരിക്കര എന്നിവിടങ്ങളില്‍ മൂന്ന് താത്കാലിക പൊലീസ് സ്റ്റേഷനുകള്‍ നിര്‍മിക്കുമെന്നും അറിയിച്ചു. നിരീക്ഷണത്തിന് ഡ്രോണ്‍ സംവിധാനം ഉപയോഗിക്കും, 15 കൗണ്ടറുകളിലായി വെര്‍ച്വല്‍ ക്യു സംവിധാനം ഏര്‍പ്പെടുത്തും, എല്ലാ ഇടത്താവളങ്ങളിലും തീര്‍ഥാടകരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.
പമ്പയിലെത്തുന്ന തീര്‍ഥാടകരുടെ വാഹനം നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണമെന്നും അവിടെ 17 ഗ്രൗണ്ടുകളില്‍ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചാണ് പാര്‍ക്കിങ് അനുവദിക്കുന്നത്. എല്ലാ വാഹനങ്ങള്‍ക്കും ഫാസ്റ്റ് ടാഗ് സംവിധാനം ഉണ്ടായിരിക്കണമെന്നും നിർദേശമുണ്ട്.
ക്രമസമാധാന വിഭാഗം എഡിജിപി എംആര്‍ അജിത് കുമാര്‍, ദക്ഷിണമേഖല ഐജി ജി സ്‌പര്‍ജന്‍ കുമാര്‍, പൊലീസ് ആസ്ഥാനത്തെ ഐജി നീരജ് കുമാര്‍ ഗുപ്‌ത, തിരുവനന്തപുരം റേഞ്ച് ഡിഐജി ആര്‍ നിശാന്തിനി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി അജിത്, കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍, ഇടുക്കി ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസ്, സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിയമിതരായ സ്പെഷ്യല്‍ ഓഫിസര്‍മാര്‍, അസിസ്റ്റന്‍റ് സ്പെഷ്യല്‍ ഓഫിസര്‍മാര്‍ തുടങ്ങിയവർ യോഗത്തില്‍ പങ്കാളികളായി.