പത്തനംതിട്ട: ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പന്തളത്തെ വ്യാപാരിയെ കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. വൈറ്റില സ്വദേശി ലെനിന് മാത്യുവിനെയാണ് മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുമ്പോൾ പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.
പന്തളത്തെ ഒരു വ്യാപാരിയുടെ മകന് എഫ്സിഐയില്‍ മാനേജരായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വ്യാപാരിയെ സമീപിച്ച ലെനിന് മാത്യു അക്കൗണ്ടിലൂടെ ആറ് ലക്ഷം രൂപയും രണ്ട് ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവും ഡല്‍ഹിയിലേക്കുള്ള വിമാന ടിക്കറ്റും വാങ്ങിയശേഷം വ്യാജ നിയമന ഉത്തരവ് നല്കി. ഡല്‍ഹിയിലെത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്.
ഒരു ദേശീയ സംഘടനയുടെ എറണാകുളം ജില്ല പ്രസിഡന്റായിരുന്നെന്നും എഫ്സിഐയുടെ ബോര്‍ഡ് അംഗമായിരുന്നെന്നും അറസ്റ്റിലായ ലെനിന് മൊഴി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പത്തനംതിട്ട തുമ്പമൺ മുട്ടം സ്വദേശിയായിരുന്ന ഇയാള്‍ 12 വര്‍ഷമായി വൈറ്റിലയിലാണ് താമസം.
കാരയ്ക്കാട് സമാനമായ രീതിയില്‍ നടത്തിയ തട്ടിപ്പില്‍ ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾ മാവേലിക്കര ജയിലില്‍ റിമാന്‍ഡില്‍ കഴിയവെയാണ് പന്തളം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇത്തരത്തില്‍ പല കബളിപ്പിക്കല്‍ കേസുകളും ഇയാള്‍ക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
Also read: തെലങ്കാനയിൽ നാലംഗ കുടുംബത്തിന്റെ ആത്മഹത്യ; എംഎൽഎയുടെ മകൻ അറസ്റ്റിൽ