പത്തനംതിട്ട: റാന്നിയില്‍ പുരയിടത്തില്‍ നിന്നും പുരുഷന്‍റെ അസ്ഥികൂടം കണ്ടെത്തി. പുതുശ്ശേരിമല പള്ളിക്കമുരുപ്പ് ആനന്ദന്‍റെ പുരയിടത്തിൽ ഇന്ന്(ഒക്‌ടോബര്‍ 2) രാവിലെ പത്തരയോടെയാണ് അസ്ഥികൂടം കണ്ടത്. കാട് വൃത്തിയാക്കാനെത്തിയ സ്‌ത്രീകളാണ് അസ്ഥികൂടം ആദ്യം കണ്ടത്.
അവർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റാന്നി പൊലീസ് സ്ഥലത്തെത്തി. ജൂലൈ 6 ന് കാണാതായ വടശ്ശേരിക്കര പള്ളിക്കമുരുപ്പ് കിഴക്കേചരുവിൽ സുധാകരന്‍റേതാണ് അസ്ഥികൂടമെന്ന് ബന്ധുക്കൾ പറഞ്ഞു. സമീപത്തു കാണപ്പെട്ട വസ്ത്രാവശിഷ്‌ടങ്ങളും നോക്കിയ കമ്പനിയുടെ മൊബൈൽ ഫോണും ആശുപത്രിരേഖയും ചെരുപ്പും കുടയും കണ്ടാണ് 61കാരനായ സുധാകരന്‍റെ അസ്ഥികൂടമാണെന്ന നിഗമനത്തില്‍ അയാളുടെ ബന്ധുക്കള്‍ എത്തിയത്.
അസ്ഥികൂടത്തിനരികില്‍ കവറില്‍ സൂക്ഷിച്ച നിലയില്‍ രണ്ട് ഷർട്ടുകൾ, കാവിനിറമുള്ള കൈലി, വെട്ടുകത്തി എന്നിവയും കണ്ടെത്തിയിട്ടുണ്ട്. സുധാകരനെ കാണാനില്ലെന്ന കുടുംബത്തിന്‍റെ പരാതിയില്‍ റാന്നി പൊലീസ് ജൂലൈ 7ന് കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. ജൂലൈ 6ന് രാവിലെ 8 മണിക്ക് ഇടക്കുളത്ത് പണിയുണ്ടെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്.
ഇയാളെ കണ്ടെത്തുന്നതിന് റാന്നി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കാണാതായ സുധാകരന്‍റെ അസ്ഥികൂടമാണോ ഇതെന്ന് കണ്ടെത്തുന്നതിനായി തിരുവനന്തപുരം ഫോറൻസിക് ലാബിൽ ഡി എൻ എ പരിശോധന നടത്തും. അസ്ഥികൂടം ഇൻക്വസ്റ്റിന് ശേഷം, പോസ്റ്റുമോർട്ടം പരിശോധനയ്‌ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കയച്ചു.