പത്തനംതിട്ട: കോഴഞ്ചേരി അയിരൂരിൽ കോൺക്രീറ്റ് മിക്‌സിങ് മെഷീനൊപ്പം തൊഴിലാളികളെ കയറ്റിവന്ന മിനി ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് പശ്ചിമ ബംഗാൾ സ്വദേശി മരിച്ചു. സാജിദുർ റഹ്മാനാണ് മരിച്ചത്. അപകടത്തില്‍ ഒരാളുടെ കൈപ്പത്തി അറ്റുപോയി.
അപകടത്തില്‍ അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള 13 തൊഴിലാളികളാണ് വാഹനത്തിലുണ്ടായിരുന്നത്. അയിരൂര്‍ കാഞ്ഞീറ്റുകര റോഡില്‍ പൊന്മലയിലേക്ക് തിരിയുന്ന ഭാഗത്ത് വ്യാഴാഴ്‌ച വൈകിട്ടായിരുന്നു അപകടം. തടിയൂര്‍ ഭാഗത്തു നിന്നും കോണ്‍ക്രീറ്റ് കഴിഞ്ഞ് തൊഴിലാളികളും മിക്‌സിങ് മെഷീനുമായി മടങ്ങിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
പൊന്മല ഭാഗത്തെ വളവും അനുബന്ധ ഇറക്കവും എത്തിയപ്പോള്‍ ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് വിവരം. മറിഞ്ഞ ലോറിയിൽ നിന്നും മിക്‌സിങ് യൂണിറ്റും പുറത്തേക്ക് തെറിച്ചു. ഇതിനടിയിൽപെട്ടാണ് പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ലോറിയിലുണ്ടായിരുന്നവർ കുഴിയുള്ള ഭാഗത്തും, ലോറിക്കും മിക്‌സിങ് യൂണിറ്റിനും അടിയിലേക്കും വശങ്ങളിലേക്കും തെറിച്ചുവീണാണ് പരിക്കേറ്റത്.
അപകടമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. വിവരമറിഞ്ഞ് കോയിപ്പുറം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ചട്ടങ്ങൾ ലംഘിച്ചാണ് കോൺക്രീറ്റ് മിക്‌സിങ് യൂണിറ്റിനൊപ്പം ലോറിയിൽ ആളുകളെയും കുത്തിനിറച്ച് യാത്ര ചെയ്‌തതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഭവത്തില്‍ കോയിപ്രം പൊലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Also read: സിഗ്നലിൽ നിർത്തിയിട്ട എട്ട് വാഹനങ്ങളിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് പേർക്ക് പരിക്ക്
മുമ്പും സമാന അപകടം: അടുത്തിടെ പത്തനംതിട്ടയില്‍ തന്നെ ഓമല്ലൂരില്‍ പാറക്കല്ലുകള്‍ കയറ്റി വന്ന ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചിരുന്നു. കോഴഞ്ചേരി തോട്ടുപുറം സ്വദേശി പി.എസ് സാമുവലാണ് (65) അപകടത്തില്‍ മരിച്ചത്. എന്നാല്‍ ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തിയിരുന്നു.
പാറക്കല്ല് കയറ്റി പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഓമല്ലൂരിലെ കുളം ജംങ്ഷനിലെത്തിയപ്പോള്‍ നിയന്ത്രണംവിട്ട് എതിരെ വന്ന സ്‌ക്കൂട്ടറിലേക്ക് മറിയുകയായിരുന്നു. പാറക്കല്ലുകള്‍ക്കടിയില്‍പ്പെട്ട സാമുവലിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരണം സംഭവിക്കുന്നത്. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. മറിഞ്ഞ ലോറി ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയാണ് ലോറി ഡ്രൈവറെ രക്ഷിച്ചത്. തുടര്‍ന്ന് സാരമായ പരിക്കുകളോടെ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തീരുന്നില്ല അപകടങ്ങള്‍: അടുത്തിടെ തന്നെ ദേശീയപാത ചെമ്പൂത്രയിൽ കമ്പി കയറ്റിയ ലോറിക്ക് പുറകിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചിരുന്നു. പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടിൽ ശൈലേശൻ മകൻ ശ്രദേഷ് (21) അപകടത്തില്‍ മരണപ്പെട്ടത്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതറിയാതെ വന്ന ബൈക്ക് യാത്രക്കാരൻ ലോറിക്ക് പുറകിൽ ഇടിച്ച് കയറുകയായിരുന്നു. അപകടമുണ്ടായ ഉടൻ പീച്ചി പൊലീസ് സ്ഥലത്തെത്തി പൊലീസ് വാഹനത്തിൽ തന്നെ ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനിടെ തന്നെ മരണം സംഭവിച്ചിരുന്നു.