പത്തനംതിട്ട: തിരുവല്ല നഗരസഭയുടെ ലൈഫ്, പിഎംഎവൈ ഭവന പദ്ധതിയില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും നടന്നു. കുടുംബസംഗമത്തിന്റെ ഉദ്ഘാടനം തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു. തിരുവല്ല നഗരസഭാ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍ അധ്യക്ഷനായിരുന്നു.
ഗുണഭോക്താക്കൾക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട തിരുത്തലുകള്‍, റേഷന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യല്‍, പുതിയ ആധാര്‍ കാര്‍ഡ് എൻറോൾമെന്‍റ്, തിരുത്തലുകള്‍, തൊഴിലുറപ്പ് പദ്ധതിയിലെ പങ്കാളിത്തവും, തൊഴില്‍ വകുപ്പുമായി ബന്ധപ്പെട്ട് നടത്തുന്ന സ്‌കില്‍ ഡെവലപ്മെന്റ് സൊസൈറ്റികളുടെ അംഗമാക്കല്‍, പട്ടികജാതി/പട്ടികവര്‍ഗ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ പരിചയപ്പെടുത്തല്‍, ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് സൗജന്യ വൈദ്യപരിശോധന, ജീവിതശൈലി രോഗ ബോധവത്കരണ ക്ലിനിക്കുകള്‍, റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പട്ടയം നല്‍കുന്നതിനുള്ള അപേക്ഷ സ്വീകരിക്കല്‍, സാക്ഷ്യപത്ര വിതരണം, മാലിന്യ സംസ്‌കരണ ബോധവത്കരണം എന്നിവ ലൈഫ് കുടുംബ സംഗമത്തിന്റെ ഭാഗമായി നടന്നു.