പത്തനംതിട്ട: ലൈഫ് മിഷന്‍ പദ്ധതിയിലൂടെ സംസ്ഥാനത്തു പതിനായിരക്കണക്കിനു കുടുംബങ്ങള്‍ക്കാണു വീടുകള്‍ ലഭിച്ചതെന്ന് അഡ്വ.കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ. ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളാല്‍ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ മുന്നേറുന്ന കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കോന്നി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ കുടുംബസംഗമവും അദാലത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷന്‍ പദ്ധതിയിലൂടെ വീടുകള്‍ ലഭിച്ചവരുടെ ജില്ലയിലെ ആദ്യത്തെ കുടുംബ സംഗമമായിരുന്നു കോന്നി ബ്ലോക്കില്‍ നടത്തിയത്. ഇതോടനുബന്ധിച്ച് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി ഇരുപതോളം വകുപ്പുകളുടെ പങ്കാളിത്തതോടെ അദാലത്തും സംഘടിപ്പിച്ചു.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയലാല്‍, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനില്‍ വര്‍ഗീസ് ആന്റണി, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.