പത്തനംതിട്ട: വേനൽ മഴയെ അതിജീവിച്ച പമ്പാനദിയിൽ വലിയ പാലത്തോട് ചേർന്ന് സമാന്തര പാലത്തിന്‍റെ നിർമ്മാണം ആരംഭിച്ചു. കോഴഞ്ചേരി ചന്തക്കടവ് നെടുമ്പ്രയാർ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിനാണ് സമാന്തര പാലം നിർമ്മിക്കുന്നത്. ജലവിതാനം ഉയരുന്നുണ്ടെങ്കിലും വെള്ളത്തിന്‍റെ ഗതി തിരിച്ചുവിട്ടാണ് അടിത്തറ നിർമാണം പുരോഗമിക്കുന്നത്. വേനൽ മഴയിൽ നദിയിലെ ജലവിതാനം ഉയരുന്നത് നിർമ്മാണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പാലത്തിന്‍റെ അടിത്തറ നിർമ്മാണം നടക്കുന്ന ഭാഗങ്ങളിൽ മണൽച്ചാക്കുകൾ അടുക്കി ബണ്ട് ഒരുക്കി വെള്ളത്തിന്‍റെ ഗതി തിരിച്ചുവിട്ടാണ് ഇപ്പോൾ പണികൾ നടക്കുന്നത്. മഴക്കാലത്തിന് മുമ്പ് തൂണുകളുടെ നിർമ്മാണം പൂർത്തിയാക്കുകയാണ് പൊതുമരാമത്തിന്‍റെ ലക്ഷ്യം.
കോഴഞ്ചേരി പാലത്തിന് ആകെ ആറ് തൂണുകളാണ് ഉളളത്. ഇതിൽ മൂന്നെണ്ണം നദിയിലാണ്. നിലവിലുള്ള കോഴഞ്ചേരി പാലത്തിന്‍റെ അതേ ഉയരത്തിലാണ് പുതിയ പാലത്തിന്‍റെ തൂണുകളും നിർമ്മിക്കുക. അടിത്തറ നിർമ്മാണവും പൈലിംഗ് ക്യാമ്പ് ജോലികളും ആണ് ഇപ്പോൾ നടക്കുന്നത്. 19.69 കോടി രൂപയാണ് പാലത്തിന്‍റെ നിർമ്മാണ ചെലവ്.